Latest NewsIndia

ഭർത്താവിനെതിരെ ബലാത്സംഗ പരാതിയുമായി ഭാര്യ: നിയമം ദുരുപയോഗപ്പെടുത്തിയതിനെതിരെ ഹൈക്കോടതി നടപടി

ബെംഗളൂരു: ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ പീഡന പരാതിയില്‍ അന്വേഷണമുള്‍പ്പെടെ തുടര്‍നടപടികള്‍ക്ക് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. നിയമം ദുരുപയോഗം ചെയ്യുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രസ്തുത കേസ് എന്നും പരാതിക്കാരിയായ യുവതി നിയമം ദുരുപയോഗം ചെയ്തതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു. വിവാഹശേഷം ഒരു ദിവസം മാത്രം ഭര്‍ത്താവിനൊപ്പം കഴിഞ്ഞ യുവതി ബലാത്സംഗം അടക്കമുള്ള ആരോപണങ്ങളായിരുന്നു ഭര്‍ത്താവിനെതിരെ ഉന്നയിച്ചത്.

തന്റെ അറിവോടെയല്ല വിവാഹം നടന്നതെന്നും വിവാഹദിവസം താന്‍ മദ്യലഹരിയിലായിരുന്നു എന്നുമായിരുന്നു യുവതിയുടെ വാദം. ഈ സാഹചര്യത്തില്‍ ഇരുവരും തമ്മിലുണ്ടായ ലൈംഗികബന്ധം ബലാത്സംഗമാണെന്നും യുവതി ആരോപിച്ചു. എന്നാല്‍ പരാതിയ്‌ക്കെതിരെ രംഗത്തെത്തിയ യുവതിയുടെ ഭര്‍ത്താവ്, ഇരുവരും നാലു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പായി ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തിയിരുന്നു എന്നും ഭര്‍ത്താവ് കോടതിയെ ബോധിപ്പിച്ചു.

യുവതിയ്ക്ക് നേരത്തെ മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അയാളുമായി വാട്സ്ആപ്പിലൂടെ ബന്ധം തുടരുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായതിന് പിന്നാലെ ഭാര്യ വീടുവിട്ടിറങ്ങിപ്പോയതായും പിന്നീട് ഒരു മാസത്തോളം പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഭര്‍ത്താവ് പറഞ്ഞു. ഇതിനു പിന്നാലെയാണ് തന്നെയും കുടുംബാംഗങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാതി നല്‍കിയതെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു.

വാദം കേട്ട കോടതി  ഭര്‍ത്താവിനേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് യുവതിയുടെ പരാതിയെന്നും ഭര്‍ത്താവിനെതിരെ അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ഉത്തരവിട്ടു. യുവതിയും ഭര്‍ത്താവും ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹിതരായതാണെന്നും കുറച്ചു ദിവസം ഒരുമിച്ചു താമസിച്ച ശേഷം ബലാത്സംഗം ആരോപിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരനെ മാത്രമല്ല മുഴുവന്‍ കുടുംബത്തെയും യുവതി കേസിലേക്ക് വലിച്ചിഴച്ചുവെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ കേസ് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യുകയാണെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button