സംസ്ഥാനത്ത് ഇ-പോസ് മെഷീൻ വീണ്ടും തകരാറിലായതോടെ റേഷൻ വിതരണം മുടങ്ങി. ഇ-പോസ് മെഷീനിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ രണ്ട് മണിക്കൂറോളമാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. രാവിലെ 10 മണിക്ക് ശേഷമാണ് വിവിധ ഇടങ്ങളിലെ ഇ-പോസ് മെഷീനുകളിൽ തടസ്സം നേരിട്ടത്. റേഷൻ കാർഡ് ഉടമയുടെ ബയോമെട്രിക് വിവരശേഖരണത്തിന് ആധാർ വിവരങ്ങൾ ഉറപ്പാക്കുന്ന പ്രവർത്തനം നിശ്ചലമായതോടെയാണ് ഇ-പോസ് മെഷീനുകൾ പണിമുടക്കിയത്.
യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സെർവർ തകരാറിലായതാണ് പ്രശ്നത്തിന് കാരണം. ചില സ്ഥലങ്ങളിൽ റേഷൻ കാർഡ് ഉടമയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി വന്നതിനാൽ റേഷൻ വിതരണം സാധ്യമായിട്ടുണ്ട്. രണ്ട് മണിക്കൂറുകൾക്കു ശേഷമാണ് റേഷൻ വിതരണം പുനസ്ഥാപിച്ചത്. അതേസമയം, ഉച്ചതിരിഞ്ഞ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ മാസം ആദ്യവും സമാനമായ രീതിയിൽ റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. ഇ-പോസ് മെഷീൻ അപ്ഡേറ്റ് ചെയ്യുന്നതിൽ അപാകത നേരിട്ടതോടെയാണ് റേഷൻ വിതരണം മുടങ്ങിയത്.
Post Your Comments