തിരുവനന്തപുരം: ബിപോർജോയ് ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് കാലവർഷം വ്യാപിച്ചു. അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയുമുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി തീവ്ര ചുഴലിക്കാറ്റായി നിലവിൽ സ്ഥിതി ചെയ്യുകയാണ്. മഴ സാക്ഷി പ്രാപിച്ചതോടെ ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് ആണുള്ളത്.
വടക്ക് കിഴക്കൻ ബംഗാൾ ഉൾകടൽ ന്യൂനമർദ്ദം ബംഗ്ലാദേശ് മ്യാൻമാർ തീരത്തിനു സമീപം അതിശക്തമായ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 11-06-2023 രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 46 cm നും 63 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
യെല്ലോ അലേർട്ട് ഉള്ള ജില്ലകളിൽ മത്സ്യത്തൊഴിലാളികളോട് കടലിൽ ഇറങ്ങരുതെന്ന് നിർദേശം ഉണ്ട്. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും, കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും ബന്ധപ്പെട്ടവർ നിർദേശം നൽകി കഴിഞ്ഞു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കാനും നിർദേശമുണ്ട്.
Post Your Comments