കൊച്ചി: രണ്ട് വർഷം കൊണ്ട് സംസ്ഥാന മന്ത്രിസഭയിലെ 15 മന്ത്രിമാരും പ്രതിപക്ഷ നേതാവുംകൂടി ചികിത്സാച്ചെലവിനത്തിൽ കൈപ്പറ്റിയത് 92.58 ലക്ഷം രൂപ. ഈ കാലയളവിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന 13 പേർ 11.02 ലക്ഷം രൂപയും ചികിത്സാച്ചെലവായി കൈപ്പറ്റിയിട്ടുണ്ട്.
രണ്ടുവർഷത്തിനുള്ളിൽ മുൻമന്ത്രിസഭയിലെ മന്ത്രിമാർ ഉൾപ്പെടെ സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചത് 1.03 കോടി രൂപയാണ്. ഈ കാലയളവിൽ ചികിത്സാച്ചെലവായി ഏറ്റവുമധികം തുക കൈപ്പറ്റിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 31.76 ലക്ഷം രൂപയാണ് മുഖ്യമന്ത്രി കൈപ്പറ്റിയിരിക്കുന്നത്. ഇതിൽ 29.82 ലക്ഷം രൂപ വിദേശത്ത് ചികിത്സയ്ക്കുപോയ വകയിലാണ്. മന്ത്രി കെ കൃഷ്ണൻകുട്ടി 31.31 ലക്ഷം രൂപയാണ് രണ്ടുവർഷത്തിനുള്ളിൽ ചികിത്സയ്ക്കായി ചെലവഴിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ 97,838 രൂപയും കൈപ്പറ്റി. മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് ചികിത്സാച്ചെലവ് അനുവദിക്കുന്നത്.
മറ്റ് മന്ത്രിമാരുടെ ചികിത്സാ ചെലവ് ഇങ്ങനെ;
വി ശിവൻകുട്ടി 8,85,497, അഹമ്മദ് ദേവർകോവിൽ 4,04,020, ആന്റണി രാജു 3,99,492, വി അബ്ദുറഹിമാൻ 2,68,420, എകെ ശശീന്ദ്രൻ 2,44,865, വിഎൻ വാസവൻ 2,21,721, എംവി ഗോവിന്ദൻ 1,97,165, ആർ ബിന്ദു 93,378, ജിആർ അനിൽ 72,122, കെ രാധാകൃഷ്ണൻ 24,938, ജെ ചിഞ്ചു റാണി 17,920, സജി ചെറിയാൻ 12,096, ചീഫ് വിപ്പ് ഡോ. എൻ ജയരാജ് 11,100.
മന്ത്രിമാരായ കെഎൻ ബാലഗോപാൽ, എംബി രാജേഷ്, വീണാ ജോർജ്, റവന്യൂ മന്ത്രി കെ രാജൻ, മന്ത്രി പി പ്രസാദ് എന്നിവരാണ് ചികിത്സാച്ചെലവായി തുക കൈപ്പറ്റാത്തത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും വിവിഐപി സൗകര്യത്തോടെ ചികിത്സയും മരുന്നുകളും ലഭിക്കുമ്പോഴാണ് മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം ഇത്രയധികം തുക ചികിത്സാച്ചെലവിനത്തിൽ ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത്.
Post Your Comments