Life Style

പുരുഷന്മാര്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം

സ്ത്രീകളും പുരുഷന്മാരും തമ്മില്‍ ഭക്ഷണകാര്യത്തിലെല്ലാം ഇത്ര വ്യത്യാസപ്പെടാന്‍ എന്താണെന്ന് നിങ്ങളില്‍ ചിലരെങ്കിലും അത്ഭുതപ്പെടും. എന്നാല്‍ കേട്ടോളൂ, ലിംഗവ്യത്യാസത്തിനും പ്രായവ്യത്യാസത്തിനുമെല്ലാം അനുസരിച്ച് സത്യത്തില്‍ നമ്മുടെ ഭക്ഷണശീലങ്ങളില്‍ വ്യത്യാസമുണ്ടാകണം.

ഇത്തരത്തില്‍ പുരുഷന്മാര്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കേണ്ട എട്ട് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ എന്തിനാണ് പുരുഷന്മാര്‍ തന്നെ കഴിക്കുന്നത് എന്ന് ചോദിച്ചാല്‍ ഇതിനുത്തരമുണ്ട്. അതായത്, പുരുഷ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ കൂട്ടുന്നതിന് വേണ്ടിയാണ് ഈ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത്.

ലൈംഗിക ജീവിതം, പ്രത്യുത്പാദനം എന്നിങ്ങനെയുള്ള ഏറ്റവും പ്രധാനപ്പെട്ട പല കാര്യങ്ങളിലും വലിയ പങ്ക് വഹിക്കുന്ന ഹോര്‍മോണ്‍ ആണ് ടെസ്റ്റോസ്റ്റിറോണ്‍. അപ്പോള്‍ ഇനി, കഴിക്കേണ്ട ഭക്ഷണങ്ങളുടെ ലിസ്റ്റിലേക്ക്…

ചൂര മത്സ്യമാണ് (കേര എന്നും വിളിക്കും) ഈ പട്ടികയില്‍ ഒന്നാമതായി വരുന്ന ഭക്ഷണം. ഇത് നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി കിട്ടുന്ന മത്സ്യമാണ്. വൈറ്റമിന്‍-ഡിയുടെയും ഒമേഗ-3 ഫാറ്റി ആസിഡിന്റെയും നല്ലൊരു സ്രോതസാണ് ചൂര മത്സ്യം. ഇവ രണ്ടും ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്നു.

മുട്ടയുടെ മഞ്ഞക്കരുവാണ് മറ്റൊന്ന്. ഇതും വൈറ്റമിന്‍-ഡി യുടെ നല്ല സ്രോതസാണ്. അതുപോലെ തന്നെ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനത്തെ പോസിറ്റീവായി സ്വാധീനിക്കുന്ന തരം കൊളസ്‌ട്രോളും മുട്ടയുടെ മഞ്ഞക്കരുവിലുണ്ട്. എന്നാല്‍ മുട്ടയുടെ മഞ്ഞക്കുരു മിതമായ അളവില്‍ മാത്രമേ കഴിക്കാവൂ.

അടുക്കളയില്‍ പാചകത്തിന് നമ്മള്‍ ഏറെ സാധാരണമായി ഉപയോഗിക്കുന്നൊരു ചേരുവയാണ് വെളുത്തുള്ളി. ഇതിലടങ്ങിയിരിക്കുന്ന അലിസിന്‍ എന്ന ഘടകം ടെസ്റ്റോസ്റ്റിറോണ്‍ കൂട്ടാന്‍ സഹായിക്കുന്നു.

മാതളം കഴിക്കുന്നതും പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ കൂട്ടാന്‍ സഹായിക്കുന്നു. ഇത് രക്തയോട്ടം വര്‍ധിപ്പിക്കുകയും ഇതിലൂടെ പല ആരോഗ്യപ്രശ്‌നങ്ങളും പ്രതിരോധിക്കപ്പെടുകയും ചെയ്യുന്നതോടെയാണ് ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനവും കൂടുന്നത്.

ചീരയും ഇത്തരത്തില്‍ കഴിക്കാവുന്നൊരു ഭക്ഷണമാണ്. വൈറ്റമിന്‍ ബി6, സി, ഇ എന്നിവയുടെയെല്ലാം ഉറവിടമാണ് ചീര. ഇത് കൂടാതെ മഗ്‌നീഷ്യത്തിന്റെയും നല്ലൊരു സ്രോതസാണ് ചീര. ഇവയെല്ലാം ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം കൂട്ടുന്നു.

തേങ്ങയും ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്നൊരു ഭക്ഷണസാധനമാണ്. തേങ്ങയിലുള്ള ആരോഗ്യകരമായ കൊഴുപ്പാണ് ഇതിന് സഹായിക്കുന്നത്.

നമ്മള്‍ സാധാരണയായി കഴിക്കുന്നൊരു ഫ്രൂട്ടാണ് മുന്തിരി. ഇതിലടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റ്‌സും ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനത്തെ പോസിറ്റീവായി സ്വാധീനിക്കുന്നു.

ഒരുപാട് ഔഷധഗുണങ്ങളുള്ളൊരു ചേരുവയാണ് ഇഞ്ചി. ഇതും രക്തയോട്ടം വര്‍ധിപ്പിച്ച് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button