തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നായ കെ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് തീരെ ഗുണനിലവാരമില്ലാത്ത ചൈനീസ് കേബിളുകള്‍. എജിയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥ കെ ഫോണ്‍ ലംഘിച്ചെന്നാണ് പ്രധാന കണ്ടെത്തല്‍.
കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയില്‍ നിന്നാണ് എത്തിച്ചത്. കേബിളിന്റെ ഗുണനിലവാരത്തില്‍ പദ്ധതി പങ്കാളിയായ കെഎസ്ഇബിക്കും സംശയമുണ്ട്. കരാര്‍ കമ്പനിയായ എല്‍എസ് കേബിളിന് കെഎസ്‌ഐടിഎല്‍ നല്‍കിയത് അനര്‍ഹമായ സഹായമാണെന്നും പദ്ധതിക്കാവശ്യമായ കേബിളിന്റെ പ്രധാന ഭാഗങ്ങള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്തതെന്നും എജി കണ്ടെത്തി. ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണെന്നും എജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് തന്നെ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് കണക്ഷന്‍ കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ അഞ്ചിനാണ് കേരളത്തിന് സമര്‍പ്പിച്ചത്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി വഴി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
Post Your Comments