കോട്ടയം: ബിരുദ വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്മഹത്യയെ തുടർന്ന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാർത്ഥി സമരം ഇന്നലെ അവസാനിച്ചിരുന്നു. മന്ത്രി തല സമിതി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. അമൽ ജ്യോതി കോളേജിനെതിരെ ജന ഗണ മന സിനിമയുടെ തിരക്കഥാകൃത്തും കോളജിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഷാരിസ് മുഹമ്മദ് രംഗത്ത്. ശ്രദ്ധയുടേത് ആത്മഹത്യ അല്ലെന്നാണ് ഷാരിസ് പറയുന്നത്.
4 വർഷം അമൽ ജ്യോതി കോളേജിന്റെ മാനസീക പീഡനം അനുഭവിച്ചയാളാണ് താനെന്ന് ഷാരിസ് പറയുന്നു. കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഷാരിസ് ഉന്നയിക്കുന്നത്. ശ്രദ്ധയുടെ ആത്മഹത്യയെ ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയരുതെന്നും കോളജിലെ മാനസിക പീഡനം അത്രയും വലുതാണെന്നും ഷാരിസ് പറയുന്നു. 14 വർഷം മുൻപ് കോളജിൽ പഠിച്ച ആളാണ് താനെന്നും ഷാരിസ് കൂട്ടിച്ചെർത്തു. ശ്രദ്ധയുടേത് ആത്മഹത്യയല്ലെന്നും, ഇൻസ്റ്റിറ്റ്യൂഷനൽ കൊലപാതകമാണെന്നും ഷാരിസ് പറയുന്നു.
അതേസമയം, ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും പൂർണമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും മന്ത്രിമാർ ഇടപെട്ട പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ വിദ്യാർത്ഥികൾ തയ്യാറായത്. ബിരുദ വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് കോട്ടയം എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. അന്വേഷണ ഘട്ടത്തിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയാൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അപ്പോൾ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments