രാജ്യത്ത് കഴിഞ്ഞ മാസം പിൻവലിച്ച 2000 രൂപ നോട്ടുകളിൽ പകുതിയിലധികം നോട്ടുകളും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ട് നിരോധനം ഏർപ്പെടുത്തി 20 ദിവസത്തിനകം 50 ശതമാനം 2000 രൂപ നോട്ടുകളാണ് തിരിച്ചെത്തിയിട്ടുള്ളത്. ഇതുവരെ തിരിച്ചെത്തിയ മുഴുവൻ 2000 രൂപ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണ്. ഇവയിൽ 85 ശതമാനം നോട്ടുകളും ബാങ്കിൽ നിക്ഷേപമായാണ് തിരിച്ചെത്തിയത്. 2023 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്ത് 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിൽ ഉള്ളത്. ബാക്കിയുള്ള നോട്ടുകളും ഉടൻ തന്നെ ബാങ്കുകളിലേക്ക് തിരിച്ചെത്തുമെന്നാണ് വിലയിരുത്തൽ.
നോട്ടുകൾ പിൻവലിക്കുന്നതിന് മുൻപ് തന്നെ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ മൂല്യം ഗണ്യമായി കുറഞ്ഞിരുന്നു. 2023 മെയ് 19-നാണ് ആർബിഐ 2000 രൂപ നോട്ടുകൾ പിൻവലിച്ചത്. 2016-ൽ നോട്ട് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് 2000 രൂപ നോട്ടുകൾ പ്രചാരത്തിലായത്. ഈ വർഷം സെപ്റ്റംബർ 30 വരെയാണ് 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാനോ, ബാങ്കുകളിൽ തന്നെ നിക്ഷേപിക്കാനോ ഉള്ള അവസരം ഒരുക്കിയത്. അതേസമയം, സെപ്റ്റംബറിലെ അവസാന ആഴ്ചകളിൽ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കണമെന്ന് ആർബിഐ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: കോളേജ് ഒന്നുമല്ല ഹോസ്റ്റൽ ആണ് യഥാർത്ഥ പീഡനശാല, അമൽ ജ്യോതിയിലെ നാല് നരകവർഷങ്ങൾ പങ്കുവച്ച്‍ അനുജ ഗണേഷ്
Post Your Comments