സംസ്ഥാനത്ത് കെഎസ്ആർടിസിയിലെ പെൻഷൻ വിതരണത്തിനായി കോടികൾ അനുവദിച്ച് സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, മെയ് മാസത്തിലെ പെൻഷനായി 71 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ജൂൺ മാസത്തിലെ പെൻഷൻ അഞ്ചാം തീയതി വിതരണം ചെയ്യേണ്ട സാഹചര്യത്തിലാണ് മെയ് മാസത്തിലെ പെൻഷന് അനുമതി ലഭിക്കുന്നത്. തുക അനുവദിക്കാത്തതിനെ തുടർന്ന് മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷനും വൈകിയിരുന്നു. നിലവിൽ, പെൻഷൻ തുക ലഭിക്കുന്നതിൽ നേരിട്ട അനിശ്ചിതത്വത്തെ തുടർന്ന് സംഘടനകൾ ചീഫ് ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തുന്നുണ്ട്.
സഹകരണ ബാങ്കുകളുടെ പലിശ തർക്കം കാരണമാണ് പെൻഷൻ വിതരണം മുടങ്ങിയത്. സാധാരണയായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യം പെൻഷൻ തുക നൽകുകയും, സർക്കാർ അത് പലിശ സഹിതം തിരിച്ച് നൽകാറുമാണ് പതിവ്. നിലവിൽ, പലിശ 8 ശതമാനത്തിൽ നിന്ന് 8.5 ശതമാനമാക്കി ഉയർത്തണമെന്ന് സഹകരണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. അതേസമയം, സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഏപ്രിൽ മാസം ജീവനക്കാരുടെ ശമ്പളം ഗഡുക്കകളായാണ് വിതരണം ചെയ്തത്.
Post Your Comments