ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്, ജൂൺ 9 വരെ സർവീസ് നടത്തില്ല

തടസം നേരിട്ട യാത്രക്കാർക്ക് ഉടൻ തന്നെ മുഴുവൻ തുകയും റീഫണ്ട് നൽകുന്നതാണ്

രാജ്യത്തെ പ്രമുഖ ബഡ്ജറ്റ് കാരിയറായ ഗോ ഫസ്റ്റ് വീണ്ടും ഫ്ലൈറ്റ് സർവീസുകൾ റദ്ദ് ചെയ്തു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 9 വരെയുള്ള സർവീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ നേരിട്ട അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. കൂടാതെ, തടസം നേരിട്ട യാത്രക്കാർക്ക് ഉടൻ തന്നെ മുഴുവൻ തുകയും റീഫണ്ട് നൽകുന്നതാണ്. നിലവിൽ, ഗോ ഫസ്റ്റ് ടിക്കറ്റ് വിതരണം നിർത്തിവച്ചിരിക്കുകയാണ്.

ജൂൺ 7 വരെയുള്ള വിമാന സർവീസുകൾ മുഴുവനും നിർത്തിവയ്ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജൂൺ 9 വരെ വീണ്ടും ദീർഘിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരാത്ത നടപടികൾ ഫയൽ ചെയ്യുകയായിരുന്നു. അതേസമയം, കഴിഞ്ഞയാഴ്ച ഡിജിസിഎയെ 30 ദിവസത്തിനകം പുനരുജീവന പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ അമേരിക്കൻ എൻജിൻ നിർമ്മാണ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുമായി ഉണ്ടായ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്.

Also Read: എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍: 44 ഗ്രാം എംഡിഎംഎ കണ്ടെടുത്തു 

Share
Leave a Comment