യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന പുതിയ മാറ്റവുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. റിപ്പോർട്ടുകൾ പ്രകാരം, ടിക്കറ്റ് റദ്ദ് ചെയ്യാതെ യാത്രക്കാർക്ക് യാത്രാ തീയതിയിൽ മാറ്റം വരുത്താനുള്ള അവസരമാണ് ഐആർസിടിസി ഒരുക്കുന്നത്. തികച്ചും സൗജന്യമായാണ് ഈ സേവനം ഒരുക്കിയിട്ടുള്ളത്. അതിനാൽ, അധിക ചെലവില്ലാതെ തന്നെ യാത്രക്കാർക്ക് തീയതിയിൽ മാറ്റം വരുത്താൻ സാധിക്കും.
ചില സമയങ്ങളിൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്താലും യാത്രാ തീയതിയിൽ മാറ്റം വരാറുണ്ട്. ഈ സാഹചര്യത്തിൽ സാധാരണയായി ടിക്കറ്റ് റദ്ദാക്കിയ ശേഷം പുതിയ ടിക്കറ്റ് എടുക്കാറാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോൾ ടിക്കറ്റ് റദ്ദാക്കിയ ചാർജ് യാത്രക്കാർ നൽകേണ്ടതാണ്. ഈ സംവിധാനത്തിലാണ് റെയിൽവേ മാറ്റം വരുത്തിയിട്ടുള്ളത്. ടിക്കറ്റ് ക്യാൻസലേഷൻ ആവശ്യമില്ലാതെ തന്നെ ടിക്കറ്റിന്റെ യാത്രാ സമയം പരിഷ്കരിക്കാൻ സാധിക്കും.
ട്രെയിൻ പുറപ്പെടുന്നതിന് ഏകദേശം 48 മണിക്കൂർ മുമ്പ് റിസർവേഷൻ കൗണ്ടറിൽ സ്ഥിരീകരിച്ച ടിക്കറ്റ് സറണ്ടർ ചെയ്താൽ തീയതിയിൽ മാറ്റം വരുത്താൻ സാധിക്കുന്നതാണ്. ഒരിക്കൽ ടിക്കറ്റ് സമർപ്പിച്ച് കഴിഞ്ഞാൽ, പുതിയ യാത്രാ തീയതിക്കായി അപേക്ഷിക്കാൻ സാധിക്കും. ഇതിനോടൊപ്പം ടിക്കറ്റ് ഉയർന്ന ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. തീയതി മാറ്റുന്നതിന് അധിക നിരക്ക് ഈടാക്കില്ലെങ്കിലും, ഉയർന്ന ക്ലാസിലേക്ക് മാറ്റാൻ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അനുസൃതമായ ചാർജ് ഈടാക്കുന്നതാണ്.
Post Your Comments