തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. തുടർന്നുള്ള 3 ദിവസം വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. ജൂൺ 7 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയെന്ന കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിലെ മത്സ്യബന്ധനത്തിനും കടലോര ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വിലക്കേർപ്പെടുത്തി. കടൽക്ഷോഭത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ജില്ലയിലെ തീരദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയതായി ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. നിലവിൽ മത്സ്യബന്ധനത്തിനേർപ്പെട്ടിരിക്കുന്നവരെ ഏറ്റവും അടുത്ത സുരക്ഷിത തീരത്തേക്കെത്തിക്കുന്നതിന് നടപടി സ്വീകരിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ കടലോരമേഖലയിലേക്കുള്ള അവശ്യസർവീസുകളൊഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു.
Read Also: എന്തുകൊണ്ട് സീറ്റ് ബൈൽറ്റ് ധരിക്കണം: വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്
Post Your Comments