തിരുവനന്തപുരം: കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് മന്ത്രി എം ബി രാജേഷ്. നിയമനടപടികൾ ശക്തമാക്കണമെന്നും ബോധവത്കരണ നടപടികൾ മാത്രം മതിയാകില്ലെന്നും മന്ത്രി വ്യക്തമാക്കി. മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്റെ ഭാഗമായുള്ള ഹരിതസഭകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മാലിന്യനിർമ്മാർജ്ജനത്തിനായുള്ള നിരവധി പ്രവർത്തവങ്ങൾ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. എന്നാൽ ഇത്തരം പ്രവർത്തനങ്ങളുടെ വിജയത്തിന് ജനങ്ങളുടെ പൂർണ്ണപിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
Read Also: കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും നഗ്നതാ പ്രദര്‍ശനം: യുവതി ബഹളംവെച്ചതോടെ പ്രതിയെ സഹയാത്രികര്‍ പിടികൂടി
പൊതുയിടങ്ങളിൽ മാലിന്യ നിക്ഷേപം തടയുന്നതിന് നിയമനടപടികൾ ശക്തമാക്കും. ഉറവിട മാലിന്യ സംസ്‌ക്കരണം കൂടുതൽ മെച്ചപ്പെടുത്തണം. 2024 ൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും മാലിന്യമുക്തമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്റെ മൂന്നു ഘട്ടങ്ങളിലേയും പ്രവർത്തന പുരോഗതി കൃത്യമായി വിലയിരുത്തും. നവംബർ ഒന്നിന് നവകേരള ഹരിത സഭ സംഘടിപ്പിക്കും. നവംബർ 14 ന് നവകേരള ശിശുദിന ഹരിതസഭകൾ സംഘടിപ്പിക്കുമെന്നും കുട്ടികൾ തദ്ദേശസ്ഥാപനങ്ങളുടെ റിപ്പോർട്ട് വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഹരിതസഭയുടെ ഭാഗമായുള്ള വെൻഡിംഗ് മെഷീൻ, സഞ്ചി യൂണിറ്റ്, കൈപുസ്തകം, ഗ്രീൻ ടെക്‌നീഷ്യന്മാരെ വിന്യസിക്കൽ, സി.സി ടിവി സ്ഥാപിക്കൽ, സാനിറ്ററി മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള കരാർ കൈമാറൽ, മാലിന്യരംഗത്ത് ജി ഐ സെഡിന്റെ സഹകരണ കരാർ തുടങ്ങിയവയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.
മാലിന്യമില്ലാത്ത മലയാളനാട് കേരളത്തിന്റെ സ്വപ്നമാണെന്നും കേരള ജനതയുടെ പങ്കാളിത്തതോടെ അത് സാധ്യമാകുമെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. മലിനീകരണ തോത് കുറയ്കുന്നതിനായും പാരിസ്ഥിക പ്രശ്നങ്ങളെ അതിജീവിക്കുന്നതിനും ഓരോ വകുപ്പും ശ്രമിക്കുന്നുണ്ട്. വായുമലിനീകണം കുറയ്ക്കാൻ കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകളിലേക്ക് മാറുകയാണ്. 50 ബസുകൾ ഇതിനകം വാങ്ങികഴിഞ്ഞു. 113 ഇലക്ട്രിക് ബസ്സുകൾ അടുകൂടി അടുത്ത മാസം വാങ്ങും. ഇതോടെ തിരുവനന്തപുരം നഗരത്തിൽ 163 ഇലക്ട്രിക് ബസ്സുകൾ ഉണ്ടാകും. കിഫ്ബി 814 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ചു. ഇതുവഴി വാങ്ങുന്ന ബസുകളിൽ നല്ലൊരു ശതമാനവും ഇലക്ട്രിക് ബസ്സുകൾ ആയിരിക്കും. ജലഗതാഗതത്തിനായി ഉപയോഗിക്കുന്ന ബോട്ടുകൾ ഇലക്ട്രിക്, സോളാർ ബോട്ടുകളാക്കി മാറ്റികൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. പല തദ്ദേശ സ്ഥാപനങ്ങൾക്കും തിരുവനന്തപുരം നഗരസഭ മാതൃകയാണ്. ഒരു കാലത്ത് ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അവാർഡ് നേടിയ നഗരസഭയാണ് തിരുവനന്തപുരം നഗരസഭ എന്നും അത് തിരിച്ചു പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments