ജീവനക്കാർക്ക് ബോണസായി വൻ തുക പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ കാർഗോ കമ്പനിയായ യാങ് മിങ് മറൈൻ ട്രാൻസ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, തായ്വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി ജീവനക്കാർക്ക് 30 മാസത്തെ ശമ്പളമാണ് ബോണസായി നൽകുന്നത്. ഇതിനായി 75 മില്യൺ യുഎസ് ഡോളർ ഇടക്കാല ബോണസ് നൽകുന്നതിനായി കമ്പനി മാറ്റിവെച്ചിട്ടുണ്ട്. ഇതോടെ, കമ്പനിയിലെ ജീവനക്കാർക്ക് വലിയ തുകയാണ് അക്കൗണ്ടിലേക്ക് എത്തുക.
ഇതിനു മുൻപ് വർഷാവസാന ബോണസായി 12 മാസത്തെ ശമ്പളം കമ്പനി ജീവനക്കാർക്ക് നൽകിയിരുന്നു. ലാഭത്തിന്റെ ഒരു വിഹിതം ജീവനക്കാർക്ക് ബോണസായി നൽകണമെന്നാണ് യാങ് മിങ് മറൈൻ ട്രാൻസ്പോർട്ട് കമ്പനിയുടെ നിയമം. ഇതിനെ തുടർന്നാണ് വലിയ തുക ബോണസ് ഇനത്തിൽ നൽകാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. കമ്പനിയിലെ എല്ലാ ജീവനക്കാർക്കും ഇത്തരത്തിൽ ബോണസ് നൽകാറുണ്ട്.
തായ്വാനിൽ ഇതിന് മുൻപും ജീവനക്കാർക്ക് മില്യൺ ഡോളറുകൾ ബോണസായി പ്രഖ്യാപിച്ച് വിവിധ കമ്പനികൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. തായ്വാനിലെ മറ്റൊരു കമ്പനിയായ എവർഗ്രീൻ കോർപ്പറേഷൻ അടുത്തിടെ 3100 ജീവനക്കാർക്ക് 12 മാസത്തെ ശമ്പളം ബോണസായി നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യാങ് മിങ് മറൈൻ ട്രാൻസ്പോർട്ടും ബോണസ് തുക പ്രഖ്യാപിച്ചത്.
Post Your Comments