
സംസ്ഥാനത്ത് മുട്ടവിലയിൽ വൻ കുതിച്ചുചാട്ടം. കോഴിമുട്ടയ്ക്കും, താറാവ് മുട്ടയ്ക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ് വ്യാപാരികൾ ഈടാക്കുന്നത്. ആഴ്ചകൾക്ക് മുൻപ് വരെ ഒരു കോഴിമുട്ടയ്ക്ക് 4 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ, ഇത്തവണ ഒരു കോഴിമുട്ടയ്ക്ക് 6 രൂപ മുതൽ 7 രൂപ വരെയാണ് വ്യാപാരികൾ ഈടാക്കുന്നത്. അതേസമയം, 5 രൂപയായിരുന്ന നാടൻ കോഴി മുട്ടയുടെ വില ഒറ്റയടിക്ക് 10 രൂപയായാണ് വർദ്ധിച്ചിട്ടുള്ളത്.
കഴിഞ്ഞയാഴ്ച വരെ 8 രൂപ വിലയുള്ള താറാവ് മുട്ടയ്ക്ക് 12 രൂപയായാണ് വില ഉയർന്നിരിക്കുന്നത്. സംസ്ഥാനത്തെ സ്കൂളുകൾ തുറന്നതിന് പിന്നാലെയാണ് മുട്ടവിലയിലെ കുതിച്ചുചാട്ടവും. സ്കൂളുകളിൽ മുട്ട വിതരണം നടക്കുന്നത് വർദ്ധിച്ചതോടെ, തമിഴ്നാട്ടിലെ മൊത്തവിതരണക്കാർ വില കുത്തനെ ഉയർത്തിയതാണ് വില വർദ്ധനവിന് കാരണം. അതേസമയം, മുട്ടവിലയോടൊപ്പം കോഴിയിറച്ചി വിലയും കുതിക്കുന്നുണ്ട്. ഒരു കിലോ കോഴിയിറച്ചിക്ക് 160 രൂപ മുതൽ 180 രൂപ വരെയാണ് ഈടാക്കുന്നത്. ട്രോളിംഗ് നിരോധനം പ്രാബല്യത്തിലാകുന്നതോടെ വില വീണ്ടും ഉയരുമെന്നാണ് വിലയിരുത്തൽ. കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങൾക്കും താരതമ്യേന വില ഉയർന്നേക്കാം.
Post Your Comments