തിരുവനന്തപുരം: വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ അധ്യയന ദിവസം അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പുന്നയൂർക്കുളം പഞ്ചായത്തിലെ കടിക്കാട് ഗവ.ഹയർ സെക്കന്ററി വിദ്യാലയത്തിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സർക്കാർ പ്രാധാന്യം നൽകുന്നതിനാലാണ് 210 പ്രവർത്തി ദിനം ഉണ്ടാകണമെന്ന് തീരുമാനിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും ഇത് ഉപകാരപ്രദമാകും. ഓരോ അധ്യാപകനും കുട്ടിയുടെ രക്ഷാകർത്താവാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മതേതരമൂല്യവും ചരിത്രബോധവും ഉൾക്കൊണ്ട് പുതുതലമുറ വളരണം. പാഠപുസ്തകത്തിലൂടെ മാത്രമേ പൊതുചരിത്രം വിദ്യാർത്ഥികൾക്ക് ഗ്രഹിക്കാനാകൂ. കേന്ദ്ര സിലബസ്സിൽ നിന്ന് മാറ്റിയ ചരിത്രപാഠഭാഗങ്ങൾ സംസ്ഥാനത്ത് പാഠ്യവിഷയമായി ഉണ്ടാകുമെന്നും സംസ്ഥാനത്ത് ഉപരിപഠനത്തിന് അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലഭൻ, ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമാ ലീനസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രേമ സിന്ദാർത്ഥൻ, ആലത്തയിൽ മൂസ, ബിന്ദു, വാർഡ് മെമ്പർ ഇന്ദിര പ്രബുല്ലഭൻ, ചാവക്കാട് ഡിഇഒ എ കെ അജിതകുമാരി, ബ്ലോക്ക് – പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Read Also: 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം: 14 അച്ചടക്ക നിബന്ധനകളുമായി സെക്‌സ് ചാമ്പ്യന്‍ഷിപ്പ്
Post Your Comments