കൊച്ചി: ലക്ഷദ്വീപിനെ ആസ്പദമാക്കി ചിത്രീകരണം പൂർത്തിയാക്കിയ ‘ഫ്‌ളഷ്’എന്ന തന്റെ സിനിമയുടെ റിലീസ് നിർമാതാവ് ബീന കാസിം തടയുന്നതായി ഐഷ സുൽത്താനയുടെ ആരോപണം. നിർമാതാവിന്റെ ഭർത്താവ് ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങളാണ് റിലീസ് തടയാൻ കാരണമെന്നും ഐഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തെക്കുറിച്ച് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചുള്ള സിനിമ റിയൽ സ്‌റ്റോറിയെന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നവരാണ്, ലക്ഷദ്വീപിന്റെ റിയൽ സ്‌റ്റോറി പ്രദർശനത്തെ തടയുന്നതെന്നും ഐഷ ചൂണ്ടിക്കാട്ടി. കേരള സ്റ്റോറിയെന്ന സിനിമയെ ഉദ്ധരിച്ചായിരുന്നു ഐഷയുടെ ഈ പ്രസ്താവന.
ഒരു മാസത്തിനുള്ളിൽ സിനിമ റിലീസ് ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ യുട്യൂബ്, ഫെയ്‌സ്ബുക് എന്നിവയിലൂടെ സിനിമയോ സിനിമയുടെ പ്രസക്തഭാഗങ്ങളോ റിലീസ് ചെയ്യുമെന്നും ഐഷ വെല്ലുവിളിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന് എതിരായ സിനിമയെന്നു പറഞ്ഞാണ് നിർമാതാവ് ഒടിടിയിൽപ്പോലും റിലീസ് ചെയ്യാൻ അനുവദിക്കാത്തതെന്നും ഐഷ ആരോപിക്കുന്നു.
‘വളരെ പ്രധാനപ്പെട്ട മൂന്ന് രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അത് റിലീസ് ചെയ്യും. അത് വഴിയുണ്ടാകുന്ന എന്ത് പ്രശ്നവും നടപടിയും നേരിടാന്‍ തയ്യാറാണ്. ചിത്രം പെട്ടിയില്‍ വയ്ക്കാനാണെങ്കില്‍ ഇത്രയും കഷ്ടപ്പെട്ട് ചിത്രീകരിക്കേണ്ട ആവശ്യം ഇല്ലല്ലോ? നീ കുറച്ച് കൂടി അടങ്ങിയൊതുങ്ങി നടക്ക് ഐഷ എന്നാണ് അവർ എന്നോട് പറയുന്നത്. ഒന്നര വർഷമായി ഞാൻ പ്രതികരിക്കാതിരിക്കുകയായിരുന്നു. ഇവിടെ ഭക്ഷണം പോലും കിട്ടാതെ പട്ടിണി കിടന്നിട്ടുണ്ട്. അങ്ങനെയെങ്കിലും പടം ഉപേക്ഷിച്ച് പോകും എന്നാണ് അവര്‍ കരുതുന്നത്’, ഐഷ പറയുന്നു.
Post Your Comments