ദൈവത്തെ വരെ പഠിപ്പിക്കാന്‍ കഴിയുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി. ‘വലിയ പണ്ഡിതനാണെന്ന് വിചാരിക്കുന്നയാളാണ് നമ്മുടെ പ്രധാനമന്ത്രി. പ്രപഞ്ചം എങ്ങിനെയുണ്ടായെന്ന് ദൈവത്തെ വരെ അദ്ദേഹം പഠിപ്പിക്കും. അവസാനം ദൈവത്തിന് പോലും സംശയമാകും താന്‍ എങ്ങിനെയാണ് സൃഷ്ടി നടത്തിയതെന്ന്’ അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കവേയാണ് അദ്ദേഹം നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചത്.
തനിക്ക് എല്ലാമറിയാമെന്നല്ല, ലോകം വളരെ വലുതാണെന്ന തിരിച്ചറിവാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ സ്ഥാപനങ്ങളെയും പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന തലത്തിലേക്ക് ആര്‍ എസ് എസ് എത്തിച്ചേര്‍ന്നെന്ന് രാഹുല്‍ ഗാന്ധി. മാധ്യമങ്ങള്‍ പോലും അവരുടെ നിയന്ത്രണത്തിലാണ്. മാധ്യമങ്ങളടക്കം ഇന്ത്യയിലെ എല്ലാ സംവിധാനങ്ങളും അവരുടെ നിയന്ത്രണത്തിലായത് കൊണ്ടാണ് താന്‍ ജനങ്ങളുമായി സംവദിക്കാന്‍ ഭാരത് ജോഡോയാത്രയെ ആശ്രയിച്ചത്.
അത് വലിയൊരു അനുഭവമായിരുന്നു.ഇന്ത്യയിലെ ജനങ്ങളുമായി നടന്നുകൊണ്ട് സംവദിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലിരിക്കുന്ന ഏജന്‍സികളെ ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തി സാഹചര്യത്തില്‍, മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങള്‍ തിരസ്‌കരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ തെക്കേ അറ്റം മുതല്‍ വടക്കേയറ്റം വരെ നടന്ന് കൊണ്ട് സംവദിക്കുക എന്നതായിരുന്നു തന്റെ മുന്നിലുണ്ടായിരുന്ന മാര്‍ഗമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭരണഘടനയില്‍ ഇന്ത്യ എന്നത് യൂണിയന്‍ ഓഫ് സ്റ്റേറ്റ് ആണ്. ഓരോ സംസ്ഥാനത്തെയും സംസ്‌കാരത്തെയും ഭാഷകളെയും ചരിത്രത്തെയും സംരക്ഷിക്കേണ്ടതുണ്ട്. ഭരണഘടനയിലെ ഈ ആശയത്തെയാണ് ആര്‍എസ്എസും ബിജെപിയും ആക്രമിക്കുന്നത്. അതുവഴി ഭരണഘടനയെയും ആക്രമിക്കുന്നു. വെറുപ്പിനെ വെറുപ്പ് കൊണ്ട് ജയിക്കാനാവില്ല.ലോക്‌സഭാ സീറ്റുകള്‍ എണ്ണൂറായി വര്‍ധിപ്പിക്കുമ്പോള്‍ ഇന്ത്യയിലെ വലിയൊരു വിഭാഗം ജനതയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്നിടത്ത് കൂടുതല്‍ സീറ്റുകള്‍ വരികയും ജനസംഖ്യ കുറഞ്ഞിടത്ത് സീറ്റുകള്‍ കുറയുകയും ചെയ്യും. എല്ലാ വിഭാഗം ജനങ്ങളുടെയും ശബ്ദം കേള്‍ക്കുമ്പോള്‍ മാത്രമാണ് ഇന്ത്യ ഫെഡറല്‍ രാജ്യമാവുക. അത് കൊണ്ട് പാര്‍ലമെന്റ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനെ വളരെ സൂക്ഷ്മമായാണ് കോണ്‍ഗ്രസ് പാര്‍ട്ടി നീരീക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Post Your Comments