Latest NewsKeralaNews

ഭർത്തൃമാതാവിന്റെ വീട്ടിൽ എസിയുള്ളതിനാൽ വിധവാ പെൻഷൻ നിരസിച്ചു: പുനഃപരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് 

കൊണ്ടോട്ടി: ഭർത്തൃമാതാവിന്റെ വീട്ടിൽ എസിയുള്ളതിനാൽ യുവതിയുടെ വിധവാ പെൻഷൻ ഗ്രാമപ്പഞ്ചായത്ത് നിരസിച്ച തീരുമാനം പുനഃപരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

മൂന്ന് മക്കളുടെ അമ്മയും തേഞ്ഞിപ്പലം സ്വദേശിയുമായ സുഹ്‌റയ്ക്ക് തേഞ്ഞിപ്പലം പഞ്ചായത്ത് വിധവാ പെൻഷൻ നിരസിച്ചെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.

സുഹ്‌റയുടെ ഭർത്താവ് ചേളാരി പോക്കാട്ടുങ്ങൽ അബ്ദുൾ അസീസ് 2020-ൽ ആണ് മരിച്ചത്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തതിനാൽ സുഹ്‌റയും കുട്ടികളും ഭർത്താവിന്റെ ഉമ്മയോടൊപ്പമാണ് താമസിക്കുന്നത്. സുഹ്‌റ നൽകിയ വിധവാ പെൻഷനുള്ള അപേക്ഷ ഭർത്തൃമാതാവിന്റെ വീട്ടിൽ എസി ഉണ്ടെന്ന് കാണിച്ച് തേഞ്ഞിപ്പലം പഞ്ചായത്ത് തള്ളി. തുടർന്ന് നാട്ടൊരുമ പൗരാവകാശ സമിതിയുടെ എക്സിക്യുട്ടീവ് അംഗം പിപി അബ്ദുൾ അസീസാണ് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്.

ശരീയത്ത് നിയമപ്രകാരം മാതാവ്/പിതാവ് ജീവിച്ചിരിക്കേ മക്കൾ മരിച്ചാൽ അവരുടെ സ്വത്തിൽ മരിച്ച വ്യക്തികളുടെ മക്കൾക്ക് നിയമപരമായി ഒരു അവകാശവുമില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടി മലപ്പുറം ഡിഡിപിക്ക് അപ്പീൽ നൽകിയെങ്കിലും നിരസിച്ച കാര്യവും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ആക്ഷേപമുള്ള ഗുണഭോക്താക്കളുടെ പെൻഷൻ സർക്കാർ പുനഃപരിശോധന നടത്തിയശേഷം, അർഹനാണെങ്കിൽ പുനഃസ്ഥാപിച്ചു നൽകണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവുണ്ട്. സുഹ്‌റയുടെ അപേക്ഷ പുനഃപരിശോധിച്ച് അർഹയാണെന്ന് ബോധ്യപ്പെടുന്ന പക്ഷം പെൻഷൻ അനുവദിക്കണമെന്നും, അപേക്ഷ നൽകുന്ന മുറയ്ക്ക് അർഹതപ്പെട്ട മറ്റാനുകൂല്യങ്ങൾ നിയമാനുസൃതം അനുവദിക്കണമെന്നും കമ്മീഷൻ പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു. സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button