വയനാട്: വയനാട് തിരുനെല്ലിയിൽ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടർന്നെന്ന് മരിച്ച പികെ തിമ്മപ്പന്റെ ഭാര്യ. കടബാധ്യതയെ തുടർന്ന് തിമ്മപ്പ മാനസിക പ്രയാസത്തിലായിരുന്നു. തിമ്മപ്പയ്ക്ക് നേരത്തെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യയെന്നും ഭാര്യ ശ്രീജ പറഞ്ഞു.
തങ്ങൾക്ക് മൂന്ന് ചെറിയ കുട്ടികളാണുള്ളതെന്നും കടബാധ്യത എഴുതി തള്ളണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
ഇന്നലെയാണ് കർഷകനായ തിമ്മപ്പ ആത്മഹത്യ ചെയ്തത്. ഇന്നലെ വീട്ടിൽ നിന്നിറങ്ങിയ തിമ്മപ്പനെ കൃഷിയിടത്തിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി 10 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം. നെല്ലും കാപ്പിയുമായിരുന്നു പ്രധാന കൃഷി. സ്വർണം പണയം വെച്ചും ജീപ്പ് വിറ്റും കടം തീർക്കാനുള്ള ശ്രമത്തിലായിരുന്നു തിമ്മപ്പനെന്ന് നാട്ടുകാർ പറഞ്ഞു.
Post Your Comments