ആലപ്പുഴ: ഇന്നലെ വേമ്പനാട്ട് കായലിൽ മുങ്ങിയ ബോട്ട് 10 വർഷം മുമ്പ് കാലാവധി കഴിഞ്ഞ ബോട്ടാണെന്ന് കണ്ടെത്തൽ. 2013ലാണ് ബോട്ടിന്റെ രജിസ്ട്രേഷൻ അവസാനമായി പുതുക്കിയത്.
രണ്ടാഴ്ചയ്ക്കിടെ പരിശോധിച്ച 65 ബോട്ടുകളിൽ 59 എണ്ണത്തിനും മതിയായ രേഖകളില്ല. അതേസമയം പരിശോധന കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്. പരിശോധനയ്ക്ക് ആകെയുള്ള 3 പേരിൽ 2 പേർ താൽക്കാലിക ജീവനക്കാരാണ്. നാലു ദിവസമായി പരിശോധനയും നടക്കുന്നില്ല.
മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ തുടങ്ങി 1500 ഓളം ബോട്ടുകളാണ് ആലപ്പുഴയിലെ കായൽ ടൂറിസം മേഖലയിൽ ഉള്ളത്. ഈ 1500 ബോട്ടുകൾ പരിശോധിക്കാൻ ആകെ 3 സർവേ ഓഫീസർമാരാണ് തുറമുഖ വകുപ്പിന്റെ കീഴിലുള്ളത്. അതിനാൽ തന്നെ നാമമാത്രമായ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.
ആകെ 65 ബോട്ടുകളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പരിശോധിക്കാൻ കഴിഞ്ഞത്. ഇതിൽ 59 എണ്ണത്തിനും മതിയായ രേഖകളില്ല. 5 ബോട്ടുകൾക്ക് യാതൊരു രേഖയുമില്ലെന്ന് കണ്ടെത്തി. ഇവ 8 വർഷമായി സർവീസ് നടത്തുന്നുമുണ്ട്. 1500 ബോട്ടുകളിൽ 800 എണ്ണത്തിന് മാത്രമാണ് ലൈസൻസുള്ളത്. ആകെ 650 ബോട്ടുകൾക്ക് സ്ഥിരം ലൈസൻസുണ്ട്. 150 ബോട്ടുകൾക്കുള്ളത് താൽക്കാലിക ലൈസൻസ്. അനധികൃതമായി പ്രവർത്തിക്കുന്ന എഴുന്നൂറോളം ബോട്ടുകൾ പിടിച്ചെടുക്കാൻ എന്തുകൊണ്ട് വൈകുന്നുവെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
Post Your Comments