ഇന്ത്യയിൽ ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് പ്രമുഖ കുടിവെള്ള കമ്പനിയായ ബിസ്‌ലേരി. റിപ്പോർട്ടുകൾ പ്രകാരം, കാർബണേറ്റ് ശീതള പാനീയങ്ങളുടെ നിര വർദ്ധിപ്പിക്കാനാണ് ബിസ്‌ലേരി പദ്ധതിയിടുന്നത്. രാജ്യത്ത് താപനില കുത്തനെ ഉയർന്നതോടെ ശീതള പാനീയങ്ങളുടെ ആവശ്യകത വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. പുതിയ രുചി ഇഷ്ടപ്പെടുന്നവരെയും, യുവാക്കളെയും ലക്ഷ്യമിട്ടാണ് പുതിയ ഉൽപ്പന്നങ്ങൾ കമ്പനി പുറത്തിറക്കുന്നത്.
സ്പൈസി, ജീര, പോപ്പ് എന്നീ സബ് ബ്രാൻഡുകൾക്ക് കീഴിൽ നിരവധി തരത്തിലുള്ള ഉൽപ്പന്നങ്ങൾ ഇതിനോടകം ബിസ്‌ലേരി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, ബിസ്‌ലേരിയുടെ ബിസ്‌ലേരി ലിമോനാറ്റ ബ്രാൻഡിന് കീഴിൽ കാർബണേറ്റഡ് പാനീയങ്ങളും വിൽക്കുന്നുണ്ട്. പുതുതായി പുറത്തിറക്കുന്ന ഉൽപ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വിവിധ മാർക്കറ്റിംഗ് ക്യാമ്പയിനുകളും കമ്പനി ഉടൻ തന്നെ ആരംഭിക്കുന്നതാണ്. സെലിബ്രിറ്റികളെ അണിനിരത്തിയുള്ള ക്യാമ്പയിനാണ് കമ്പനി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും 160 മില്ലി, 600 മില്ലി, ഒരു ലിറ്റർ ബോട്ടിലുകളിലാണ് ബിസ്‌ലേരി പുറത്തിറക്കുന്ന ശീതള പാനീയങ്ങൾ വാങ്ങാൻ സാധിക്കുക.
Post Your Comments