അലഹബാദ്: മതിയായ കാരണമില്ലാതെ പങ്കാളിയെ ദീര്‍ഘകാലം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കാത്തത് മാനസിക പീഡനത്തിന് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി. വാരാണസി സ്വദേശി നല്‍കിയ വിവാഹമോചന ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. അതേസമയം, ഹര്‍ജിക്കാരന് കോടതി വിവാഹമോചനം അനുവദിച്ചു.
നവംബര്‍ 28 ന് വിവാഹമോചന ഹര്‍ജി തള്ളിയ കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് ഹര്‍ജിക്കാരന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബപരവും ദാമ്പത്യപരവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ഭാര്യക്ക് സാധിച്ചില്ല. ഭാര്യയുടെ മാനസിക പീഡനം മൂലമാണ് ഭര്‍ത്താവ് വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സുനീത് കുമാറും രാജേന്ദ്ര കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.
1979 മെയ് മാസത്തിലായിരുന്നു വിവാഹം.ദിവസങ്ങള്‍ കഴിയുന്തോറും ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റം വന്നു തുടങ്ങി. പിന്നീട് ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് തിരിച്ചുപോകുകയും ചെയ്തു. മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഭാര്യയെ വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് ഭര്‍ത്താവ് പറയുന്നു. 1994 ജൂലൈയില്‍ ഗ്രാമത്തില്‍ ഒരു പഞ്ചായത്ത് നടക്കുകയും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടുകയും ചെയ്തു.
ഭാര്യക്ക് 22,000 രൂപ ജീവനാംശം നല്‍കിയെന്നാണ് ഹര്‍ജിക്കാരന്റെ വാദം. 2005ലാണ് ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് വാരണാസി കുടുംബ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മാനസിക പീഡനം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂട്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ ഭാര്യ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് വാരണാസി കുടുംബ കോടതിയിലെ പ്രിന്‍സിപ്പല്‍ ജഡ്ജി വിവാഹമോചന ഹര്‍ജി തള്ളി. ഇതോടെയാണ് ഭര്‍ത്താവ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments