പാലക്കാട്: പുഴുങ്ങിയ മുട്ട, തേൻ, കുടംപുളി, ജാതിക്ക തുടങ്ങി എന്തു നൽകിയാലും കൈക്കൂലിയായി വാങ്ങും. കൈക്കൂലി വാങ്ങാതെ ഒന്നും ചെയ്യില്ല. പാലക്കയം കൈക്കൂലി കേസിലെ പ്രതി സുരേഷ് കുമാറിന്റേത് വിചിത്ര ജീവിത രീതിയായിരുന്നു.
കൈക്കൂലിയായി ലക്ഷക്കണക്കിന് രൂപ വാങ്ങുമെങ്കിലും പ്രതിമാസം 2,500 രൂപ മാത്രം വാടകയുള്ള ഒറ്റമുറി വീട്ടിലായിരുന്നു സുരേഷ് കുമാറിന്റെ താമസം. ലോഡ്ജിലെ സമീപമുറികളിൽ താമസിച്ചിരുന്നവരുമായി അടുപ്പമുണ്ടായിരുന്നില്ല. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സുരേഷ് കുമാർ ഒന്നര പതിറ്റാണ്ടായി മണ്ണാർക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിലായാണ് ജോലി ചെയ്തിരുന്നത്.
ഒരു കോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യമാണ് സുരേഷിന്റെ താമസമുറിയിൽ നിന്ന് കണ്ടെടുത്തത്. 500ന്റെയും 2000ന്റെയും നോട്ടുകെട്ടുകൾ മുറിയിൽ കൂട്ടിയിട്ട നിലയിലായിരുന്നു. ആരോടും അടുപ്പമില്ലാതെ ഒതുങ്ങിക്കൂടുന്ന സ്വഭാവമായതിനാല്‍ മുറിയിൽ നിന്ന് ഒരുകോടി ആറുലക്ഷം രൂപയുടെ സമ്പാദ്യം കണ്ടെത്തിയതാണ് ഏവരേയും അമ്പരപ്പിച്ചത്. പൊടിയും മാറാലയും പിടിച്ച് ആള്‍താമസമുണ്ടെന്ന് തന്നെ സംശയിക്കുന്ന മുറിയിലാണ് ഇത്രയും സമ്പാദ്യം സൂക്ഷിച്ചിരുന്നത്. കൈക്കൂലിയായി പ്രതി വാങ്ങിയിരുന്ന തേൻ കുടംപുളി, നാണയത്തുട്ടുകൾ, പേന, മുണ്ട് എന്നിവയും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
അതീവ ജാഗ്രതയോടെയാണ് സുരേഷ് കുമാർ നീങ്ങിയിരുന്നത്. നേരിട്ട് മാത്രമേ സുരേഷ് സാധാരണക്കാരിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നുള്ളു. ഫോണിലൂടെ സംസാരിക്കുമ്പോൾ നേരിട്ട് വരാൻ ആവശ്യപ്പെടും. തരേണ്ട പണത്തെ കുറിച്ച് പറയുന്നതും നേരിട്ട് തന്നെയായിരുന്നു. വിജിലൻസ് നിരീക്ഷണത്തിലുണ്ടായിരുന്ന ഒരു മാസവും രീതി ഇങ്ങനെ തന്നെയായിരുന്നു. കാലങ്ങളായി ഉദ്യോഗസ്ഥനെതിരെ നാട്ടുകാർ പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല.
ചൊവ്വാഴ്ച രാവിലെ മണ്ണാർക്കാട് നടന്ന സംസ്ഥാന സർക്കാരിന്റെ പരാതി പരിഹാര അദാലത്തിനിടെയാണ് സുരേഷ് കുമാർ വിജിലൻസ് പിടിയിലാകുന്നത്. ആകെ ഒരു കോടി രൂപയ്ക്ക് മുകളിൽ പ്രതി അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായാണ് വിജിലൻസ് കണ്ടെത്തൽ. വിഷയത്തിൽ റെവന്യു സെക്രട്ടറിക്ക് ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട് കൈമാറി.
Post Your Comments