കണ്ണൂർ: ചെറുപുഴ കൂട്ട മരണത്തിന് കാരണമായത് തങ്ങൾ താമസിച്ച വീട്ടിൽ നിന്നും ഇറക്കിവിടുമോയെന്ന ആശങ്കയാണെന്ന് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ആത്മത്യ ചെയ്യുമ്പോൾ ശ്രീജ ഗർഭിണിയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അഞ്ച് പേരുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. പാടിയോട്ടുചാൽ വാച്ചാലില്‍ ശ്രീജ, ഭർത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിലെ മക്കളായ സൂരജ്, സുരഭി, സുജിത് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയുടെ മക്കളെ കൊലപ്പെടുത്തിയ ശേഷം ഷാജിയും ശ്രീജയും ആത്മഹത്യ ചെയ്യുകയായിരുന്നു.
മക്കളെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഇവരുടെ ഭക്ഷണത്തിൽ ഉറക്കുഗുളിക കലർത്തി നൽകി. എന്നാൽ, മൂത്ത മകൻ സൂരജ് മാത്രം ഉറക്കഗുളിക കഴിച്ച് ഉറങ്ങിപ്പോയില്ല. ഇതോടെ സൂരജിനെ ജീവനോടെയാണ് കെട്ടി തൂക്കിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇളയ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിതൂക്കിയത്. മൂന്ന് മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷമാണ് ശ്രീജയും ഷാജിയും തൂങ്ങി മരിച്ചത്. ശ്രീജ ഗര്ഭിണിയായിരുന്നതിനാൽ ചെറുപുഴയിൽ ഇല്ലാതായത് ആറ് ജീവനുകൾ ആണ്. മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെയാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചത്.
ചെറുപുഴ പാടിയോട്ടുചാലിൽ ഇന്നലെ പുലർച്ചെ ആറ് മണിയോടെയാണ് പാടിയോട്ട്ചാൽ വാച്ചാലിൽ അഞ്ചു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ ഭര്‍ത്താവ് സുനില്‍ നല്‍കിയ പരാതി സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനായി ശ്രീജയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു നാടിനെ നടുക്കിയ കൂട്ടമരണം. കുട്ടികളെ സ്റ്റെയർകേസിന്റെ കമ്പിയിൽ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.
രണ്ടാഴ്ച മുൻപാണ് ആദ്യ ഭർത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇതേ ചൊല്ലി സുനിലും ശ്രീജയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും സുഹൃത്തും കുട്ടികൾക്കൊപ്പം താമസിച്ചത്. ഈ വീട്ടിൽ നിന്ന് ഇറങ്ങാൻ സുനിൽ ആവശ്യപ്പെട്ടതാണ് തർക്ക കാരണം. സുനിലിനോടുള്ള വൈരാഗ്യമാകാം മക്കളെയും കൊലപ്പെടുത്താൻ ശ്രീജയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്.
Post Your Comments