
തൃശൂര്‍: മരണവീട്ടില്‍ സഹായത്തിനെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിലെ കാണഞ്ചേരി വീട്ടില്‍ ഷാജി (43)യെയാണ് പൊലീസ് പിടികൂടിയത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷാജിയെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ജനുവരി രണ്ടിന് വൈകിട്ടാണ് സംഭവം. ഞമനേങ്ങാട് ഒന്നരക്കാട്ട് പത്മനാഭന്റെ ഭാര്യ അംബികയുടെ മൂന്ന് പവന്റെ സ്വര്‍ണമാലയാണ് ഷാജി മോഷ്ടിച്ചത്. പത്മനാഭന്റെ മരണശേഷം വീട് വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ്, അടുക്കളയിലെ സ്ലാബിന് മുകളില്‍ പാത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന മാല ഷാജി മോഷ്ടിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മാല അന്വേഷിച്ചപ്പോഴാണ് മോഷണവിവരം അംബിക അറിയുന്നത്. തുടര്‍ന്ന് വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ നായരങ്ങാടിയിലെ ജ്വല്ലറിയില്‍ ഷാജി മാല വിറ്റതായും ലഭിച്ച പണം ഉപയോഗിച്ച് വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിച്ചതായും കണ്ടെത്തി. പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ നായരങ്ങാടിയിലെ ജ്വല്ലറിയിലും സംഭവം നടന്ന വീട്ടിലും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
വടക്കേക്കാട് എസ്എച്ച്ഒ അമൃതരംഗന്റെ നേതൃത്വത്തില്‍ എസ്‌ഐ സിസില്‍ ക്രിസ്ത്യന്‍ രാജ്, എഎസ്ഐ ഗോപിനാഥ്, സിപിഒമാരായ നിബു, എ രതീഷ്, അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Post Your Comments