കണ്ണൂർ: ലഹരി ഉപഭോഗം തടയാൻ സ്കൂളുകളിൽ മെന്റർമാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഓരോ സ്കൂളിലും നിശ്ചിത എണ്ണം കുട്ടികൾക്ക് ഒരു മെന്റർ എന്ന നിലയിൽ അധ്യാപകരെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പുതുതായി നിർമ്മിച്ച 97 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ലഹരി മാഫിയക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും ജാഗ്രത പാലിക്കണം. സ്കൂൾ പരിസരങ്ങളിൽ ലഹരിവസ്തുക്കൾ വിൽപന നടത്തുന്ന കടകൾ പ്രവർത്തിക്കുന്നില്ലെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. കുട്ടികളുടെ പെരുമാറ്റത്തിൽ അസാധാരണത്വം കണ്ടാൽ മൂടിവെക്കുന്നതിന് പകരം ശാസ്ത്രീയമായ പരിഹാരം കാണണം. കുട്ടികൾ ലഹരിയിലേക്ക് വഴിതെറ്റാതിരിക്കാനുള്ള കരുതൽ നടപടികൾ സ്വീകരിക്കണം. പൊലീസും എക്സൈസും സഹായിക്കാനുണ്ടാകും. ലഹരിക്കടിമയായ കുട്ടിക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് ഉൾപ്പെടെ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments