കൊച്ചി: കൊച്ചിയിൽ യുവാവിനെ ഇടിച്ച ശേഷം നിർത്താതെ പോയ KL 64 F 3191 നമ്പർ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചത് പൊലീസുകാരനാണെങ്കിലും വാഹനത്തിന്റെ ഉടമ ഇന്‍സ്പെക്ടറോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന കൊച്ചിയിലെ ഒരു വനിതാ ഡോക്ടർ ആണ്. കേസ് അന്വേഷിക്കുന്ന മട്ടാഞ്ചരി എസിപി കെആർ മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. അപകട സമയത്ത് ഈ കാർ ഓടിച്ചിരുന്നത് കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മനു രാജ് ആണെന്ന് അന്വേഷണ സംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാഹനമുടമയുടെ വിവരങ്ങളും പുറത്ത് വന്നത്.
വ്യാഴാഴ്ച രാത്രിയാണ് കടവന്ത്ര ഇൻസ്പെക്ടർ മനുരാജ് ഓടിച്ചിരുന്ന കാറിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റത്. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയ ഇൻസ്പെക്ടർ രണ്ട് കിലോമീറ്ററിനപ്പുറം വിജനമായ സ്ഥലത്താണ് നിർത്തിയത്. ഇൻസ്പെക്ടർക്കൊപ്പം ഒരു വനിതാ ഡോക്ടറും കാറിലുണ്ടായിരുന്നു. ഇതിനിടെ യുവാക്കൾ ബൈക്കുകളിൽ കാറിനെ പിന്തുടർന്നെത്തിയിരുന്നു. വിവരമറിഞ്ഞ് തോപ്പുംപടി പോലീസും സ്ഥലത്തെത്തിയെങ്കിലും കാറിലുണ്ടായിരുന്നത് ഇൻസ്പെക്ടറാണെന്ന് മനസിലായതോടെ നടപടികളൊന്നും സ്വീകരിക്കാതെ മടങ്ങി പോവുകയായിരുന്നു. ഇതിന് പിന്നാലെ കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായി.
പരാതി നൽകിയിട്ടും ആദ്യഘട്ടത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം. അതേസമയം, അപകടത്തിൽ പരിക്കേറ്റയാൾക്ക് പരാതിയില്ലെന്നും പാലത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് രണ്ട് കിലോമീറ്ററിനപ്പുറം ഇൻസ്പെക്ടർ വാഹനം നിർത്തിയതെന്നും ആയിരുന്നു പോലീസിന്റെ വാദം.
സംഭവം വിവാദമായതോടെയാണ് തിങ്കളാഴ്ച തോപ്പുംപടി പോലീസ് കേസെടുക്കാൻ തയ്യാറായത്. എന്നാൽ എഫ്ഐആറിൽ ഇൻസ്പെക്ടറുടെ പേര് ചേർക്കാതിരുന്നത് വീണ്ടും വിവാദത്തിന് ഇടയാക്കി.
വിവാദം കനത്തതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്നാണ് ഇൻസ്പെക്ടറെ പ്രതി ചേർത്ത് റിപ്പോർട്ട് നൽകണമെന്ന നിർദേശമുണ്ടായത്.
Post Your Comments