തിരുവനന്തപുരം: വൈദ്യുതിക്ക് 16 പൈസ കൂടി സർച്ചാർജ് വേണമെന്ന ആവശ്യവുമായി ബോര്‍ഡ് രംഗത്ത്. വൈദ്യുതിക്ക് മൂന്നു മാസം 16 പൈസ കൂടി സർച്ചാർജ് ആവശ്യപ്പെട്ട് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകി. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനവിലയിലെ വർധന കാരണം വൈദ്യുതി വാങ്ങാൻ 94 കോടി അധികം വേണ്ടിവന്നുവെന്നാണ് ബോർഡ് അറിയിച്ചത്. ഇത് ഈടാക്കാൻ യൂണിറ്റിന് 16 പൈസ അധികം ചുമത്തേണ്ടിവരും.
ഇപ്പോൾ യൂണിറ്റിന് ഒമ്പത് പൈസ സർച്ചാർജ് ഈടാക്കുന്നുണ്ട്. ഇത് ഈ മാസം അവസാനിക്കും. പുതിയ അപേക്ഷയിൽ കമ്മീഷൻ തെളിവെടുപ്പ് നടത്തും.
ഇപ്പോൾ മൂന്നുമാസത്തിലൊരിക്കലാണ് സർച്ചാർജ് ഈടാക്കുന്നത്. ഇത് മാസംതോറുമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് കേരളവും ചട്ടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കരട് ചട്ടങ്ങളിൽ ഉപഭോക്താക്കളുടെ അഭിപ്രായം കേൾക്കാനുള്ള തെളിവെടുപ്പ് 24-നാണ്.
Post Your Comments