ഭോപ്പാൽ; ഹിസ്ബ് ഉത് തെഹ്രീറുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 16 പേരെ കഴിഞ്ഞ ആഴ്ച ഭോപ്പാലിൽ നിന്നും ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ അറസ്റ്റിലായ ഒരു യുവാവിന്റെ പിതാവ് നടത്തിയ വെളിപ്പെടുത്തൽ രാജ്യത്തെ ഞെട്ടിക്കുന്നതാണ്. സാക്കിർ നായിക്കിനെതിരെയാണ് ഇദ്ദേഹം ആരോപണം ഉന്നയിക്കുന്നത്. മുഹമ്മദ് സലീമായി മാറിയ സൗരഭിനെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിലും മതപരിവർത്തനം പ്രചരിപ്പിച്ചതിലും പങ്കുണ്ടെന്ന് ആരോപിച്ച് മധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് അറസ്റ്റ് ചെയ്തത്.
മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറയുന്നതനുസരിച്ച്, അറസ്റ്റിലായ പ്രതികളിൽ ഒരു പ്രൊഫസറും ജിം പരിശീലകനും ഉൾപ്പെടുന്നു. ഇവർ ‘ലൗ ജിഹാദിലും’ മതപരിവർത്തനത്തിലും ശ്രദ്ധ കേന്ദ്രാകരിച്ചവരാണ്. സൗരഭിന്റെ പിതാവ് അശോക് രാജ് വൈദ്യ വാർത്താ ഏജൻസിയായ എഎൻഐയോട് തന്റെ കുടുംബത്തെക്കുറിച്ചും സൗരഭ് ഇസ്ലാം മതം സ്വീകരിക്കാൻ ഉണ്ടായ കാരണത്തെ കുറിച്ചും വെളിപ്പെടുത്തി.
ഒരു ഡോക്ടർ കമാൽ തന്റെ കോളേജ് പഠനകാലത്ത് സൗരഭിനെ ചുറ്റിപ്പറ്റി നടന്നിരുന്നുവെന്ന് സൗരഭിന്റെ അച്ഛൻ പറഞ്ഞു. ‘ഈ ഡോ. കമാൽ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഏജന്റാണെന്ന് പിന്നീട് ആണ് ഞങ്ങൾ മനസിലാക്കിയത്. അയാൾ എന്റെ മകനെ ഇസ്ലാമിക പ്രാർത്ഥനകൾ പഠിപ്പിച്ചു. സൗരഭിന്റെ പ്രവർത്തനങ്ങളും വാദങ്ങളും ഞാൻ ആദ്യമായി നിരീക്ഷിച്ചത് 2011-ലാണ്. ഞങ്ങളുടെ കുടുംബ ചടങ്ങുകളിൽ നിന്നും മതപരമായ ആഘോഷങ്ങളിൽ നിന്നും പതുക്കെ അവൻ അകന്നു. കുറച്ച് കഴിഞ്ഞ് ഭാര്യയും ഇസ്ലാമിക വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ അവനോട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചത്.
തുടർന്ന് സൗരഭിനോട് വീട് വിടാൻ ആവശ്യപ്പെട്ടു. ഇക്കാര്യമെല്ലാം ഞാൻ പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, സൗരഭ് ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം ആണെന്ന് കണ്ടെത്തിയതിനാൽ നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ല. സൗരഭ് തന്റെ കമ്പ്യൂട്ടറിൽ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ കാണാറുണ്ടായിരുന്നു. സൗരഭിന്റെ മുറിയിൽ നിന്ന് നിരവധി ഇസ്ലാമിക പുസ്തകങ്ങളും കണ്ടെടുത്തിരുന്നു. തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സൗരഭ് ഉൾപ്പെട്ടിട്ടില്ലെന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്’, പിതാവ് പറയുന്നു.
അതേസമയം, ഇദ്ദേഹത്തിന്റെ ആരോപണം തള്ളി സൗരഭിന്റെ ഭാര്യ റാഹില രംഗത്തെത്തി. മാൻസി എന്ന പേര് മാറ്റി ഇസ്‌ലാം മതം സ്വീകരിച്ച റാഹിലയാണ് സൗരഭിന്റെ ആരോപണങ്ങൾ തള്ളിയിരിക്കുന്നത്. സൗരഭിനെ ഇസ്ലാമിലേക്ക് മതം മാറ്റാൻ “മസ്തിഷ്ക പ്രക്ഷാളനം നടത്തി” പ്രലോഭിപ്പിച്ചുവെന്ന അവകാശവാദം തെറ്റാണെന്ന് ഇവർ പറയുന്നു. ഏത് മതവും പിന്തുടരുന്നത് ഭരണഘടന പ്രകാരം ഞങ്ങളുടെ അവകാശമാണെന്ന് സൗരഭിനെതിരായ ആരോപണങ്ങൾ തള്ളിക്കൊണ്ട് റാഹില പറഞ്ഞു. പാസ്‌പോർട്ട് ഇല്ലാത്തതിനാൽ സൗരഭ് സിറിയയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നതായി ഭർത്താവിന്റെ മാതാപിതാക്കൾ കള്ളം പറയുകയായിരുന്നുവെന്നും റാഹില അവകാശപ്പെട്ടു. ദ കേരള സ്റ്റോറി എന്ന സിനിമയെ രാഷ്ട്രീയവത്കരിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും റാഹില ആരോപിച്ചു.
Post Your Comments