ന്യൂഡൽഹി: പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കപ്പെട്ട 2000 രൂപ നോട്ട് നിയമപരമായി തുടരുകയാണെന്നും കടകള്‍ക്ക് അവ നിരസിക്കാന്‍ കഴിയില്ലെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ മതിയായ സമയം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഉപഭോക്താക്കള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 2023 സെപ്തംബര്‍ 30നകം 2000 രൂപ നോട്ടുകള്‍ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യണമെന്നാണ് ആര്‍ബിഐ വിജ്ഞാപനം.
‘ഞങ്ങള്‍ 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുകയാണ്, പക്ഷേ അവ നിയമപരമായി തുടരുന്നു. അതിനാല്‍ ആര്‍ബിഐ നേരത്തെ നിര്‍ദ്ദേശിച്ച പ്രകാരം ആര്‍ക്കും 2000 രൂപ നോട്ടുകള്‍ നിരസിക്കാന്‍ കഴിയില്ല. വിനിമയത്തില്‍ നിന്ന് പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ മാറ്റിനല്‍കുന്നത് സുഗമമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ രാജ്യത്തെ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുള്ള പ്രക്രിയ സുഗമമായി നടത്താന്‍ ബാങ്കുകള്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വെള്ളിയാഴ്‌ചയാണ് അറിയിച്ചത്. ആർക്കെങ്കിലും 2000 രൂപ നോട്ടുകൾ മാറ്റി എടുക്കാനുണ്ടെങ്കിൽ മെയ് 23നും സെപ്റ്റംബർ 30നും ഇടയിൽ മാറ്റിയെടുക്കാമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഏതൊരു വ്യക്തിക്കും രാജ്യത്തെ ഏത് ബാങ്ക് ശാഖയിലും പോയി 20,000 രൂപ വരെയുള്ള 2000 രൂപ നോട്ടുകൾ ഒരേ സമയം മാറ്റാം.
Post Your Comments