തിരുവനന്തപുരം: ചിറയിൻകീഴ് പത്താംക്ലാസ് വിദ്യാർത്ഥിനി രാഖിശ്രീയുടെ അപ്രതീക്ഷിത ആത്മഹത്യയുടെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും. പഠിക്കാൻ മിടുക്കിയായ പെൺകുട്ടിക്ക് പത്തിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു. പരീക്ഷാഫലം വന്ന് പിറ്റേന്നാണ് രാഖിശ്രീ ആത്മഹത്യ ചെയ്തത്. മകളുടെ മരണത്തിനു പിന്നാലെ ചിറയിൻകീഴ് സ്വദേശി 28കാരനായ അർജുനെതിരെ ആരോപണങ്ങളുമായി രാഖിശ്രീയുടെ പിതാവ് രംഗത്തെത്തിയിരുന്നു.
അർജുന്റെ നിരന്തര ശല്യം കാരണമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് പിതാവ് പറയുന്നു. അർജുൻ നാട്ടിലെ അറിയപ്പെടുന്ന ഡി.വൈ.എഫ്.ഐ നേതാവ് ആണെന്നും ഇദ്ദേഹം പറയുന്നുണ്ട്. രാഖിശ്രീയുടെ പിതാവിന്റെ ആരോപണം കർമ്മ ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ മകളെ യുവാവ് എങ്ങനെയാണ് പരിചയപ്പെട്ടതെന്നടക്കമുള്ള കാര്യങ്ങൾ ഇദ്ദേഹം വിശദമാക്കുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ ചർച്ചയ്ക്ക് വഴി തെളിച്ചിരിക്കുകയാണ്.
മാസങ്ങൾക്ക് മുൻപാണ് രാഖിശ്രീ യുവാവിനെ സ്കൂളിലെ ഒരു ക്യാമ്പ് പരിപാടിക്കിടെ കാണുന്നതെന്നും, പിന്നീട് യുവാവ് മകളെ നിരന്തരം ശല്യം ചെയ്യുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. അർജുൻ ശല്യം ചെയ്യുന്ന കാര്യം രാഖിശ്രീ തന്നോട് പറഞ്ഞിരുന്നതായും, തുടർന്ന് യുവാവിന്റെ വീട്ടിൽ പോയി താൻ സംസാരിച്ചിരുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. തന്റെ മകൻ ഇനി പ്രശ്നമൊന്നും ഉണ്ടാക്കില്ല എന്ന് അവന്റെ വീട്ടുകാർ ഉറപ്പ് പറഞ്ഞിരുന്നതാണെന്നും അദ്ദേഹം പറയുന്നു.
‘ഏകദേശം ആറു മാസക്കാലം ശല്യം ഒന്നും ഇല്ലായിരുന്നു. മകൾക്ക് അർജുന്റെ കാര്യത്തിൽ നല്ല പേടിയായിരുന്നു. പലപ്പോഴും മകൾ ഇത് തന്നോട് പറയുകയും ചെയ്തിട്ടുണ്ട്. എന്റെ മകൾക്ക് വന്ന ഗതി വേറെ ആർക്കും വരരുത്’, പിതാവ് പറയുന്നു.
ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആർ.എസ് (16) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ് മരിച്ച രാഖിശ്രീ. കഴിഞ്ഞ ദിവസം പുറത്ത് വന്ന 10–ാം ക്ലാസ് പരീക്ഷാ ഫലത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം നേടിയിരുന്നു.
Post Your Comments