KeralaLatest NewsNews

മഴക്കാല സുരക്ഷിത യാത്രയ്ക്ക് ടിപ്സുമായി എംവിഡി

മഴക്കാല ഡ്രൈവിങ്ങ് കൂടുതല്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സുരക്ഷ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

മഴക്കാലമെത്താറായെന്നും അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഡ്രൈവര്‍മാരും പൊതുജനങ്ങളും ഒരുപോലെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെയാണ് കാര്യങ്ങളെ കുറിച്ച് വിവരിച്ചിരിക്കുന്നത്. മഴക്കാലത്ത് നിരത്തുകളില്‍ ഏറ്റവും അപകടമുണ്ടാക്കുന്ന പ്രതിഭാസമാണ് ജലപാളി പ്രവര്‍ത്തനം അല്ലെങ്കില്‍ അക്വാപ്ലെയിനിങ്ങ് എന്നത്. റോഡില്‍ വെള്ളക്കെട്ടുള്ളപ്പോള്‍ അതിന് മുകളിലൂടെ അതിവേഗത്തില്‍ വാഹനം ഓടിക്കുന്നത് ഒഴിവാക്കുകയാണ് അപകടം ഒഴിവാക്കാനുള്ള മാര്‍ഗം.

മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍

ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്:

1, മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയുന്നു. ടയറിനും റോഡിനുമിടയില്‍ ഒരു പാളിയായി വെള്ളം നില്‍ക്കുന്നത് കൊണ്ടാണിത്. അതുകൊണ്ട് നല്ല ത്രെഡ് ഉള്ള ടയറുകളായിരിക്കണം മഴക്കാലത്ത് ഉപയോഗിക്കേണ്ടത്. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുക.

2, സാധാരണ വേഗതയെക്കാള്‍ അല്‍പ്പം വേഗത കുറച്ച് വാഹനമോടിക്കുക. സ്‌കിഡ്ഡിങ്ങ് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ ഉദേശിച്ച സ്ഥാലത്ത് നിര്‍ത്താന്‍ കഴിയണമെന്നില്ല.

3, വാഹനത്തിലെ വൈപ്പറുകള്‍ കാര്യക്ഷമമായിരിക്കണം. വെള്ളം വൃത്തിയായി തുടച്ചുനീക്കാന്‍ ശേഷിയുള്ളതായിരിക്കണം അവയുടെ ബ്ലേഡുകള്‍.

4, എല്ലാ ലൈറ്റുകളും കൃത്യമായി പ്രകാശിക്കുന്നതായിരിക്കണം. മഴക്കാലത്ത് കൈകൊണ്ട് സിഗ്‌നലുകള്‍ അപ്രയോഗികമായതിനാല്‍ ഇലക്ട്രിക് സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.

5, പഴയ റിഫ്ളക്ടര്‍/ സ്റ്റിക്കറുകള്‍ മാറ്റി പുതിയ തെളിച്ചമുള്ള റിഫ്ളക്ടറുകള്‍ ഒട്ടിക്കുക. മുന്‍വശത്ത് വെളുത്തതും, പുറകില്‍ ചുവന്നതും വശങ്ങളില്‍ മഞ്ഞ നിറത്തിലുള്ളതുമായ റിഫ്ളക്ടര്‍ പതിക്കണം.

6, വാഹനത്തിന്റെ ഹോണ്‍ ശരിയായി പ്രവര്‍ത്തിക്കുന്നതായിരിക്കണം.

7, വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലം ഒരു വലിയ കുഴിയാണെന്ന ബോധ്യത്തോടെ വേണം വാഹനം ഓടിക്കാന്‍.

8, മുന്‍പിലുള്ള വാഹനത്തില്‍നിന്നും കൂടുതല്‍ അകലം പാലിക്കണം. വാഹനങ്ങള്‍ ബ്രേക്ക് ചെയ്ത പൂര്‍ണമായും നില്‍ക്കാനുള്ള ദൂരം (സ്റ്റോപ്പിങ്ങ് ഡിസ്റ്റന്‍സ്) മഴക്കാലത്ത് കൂടുതലായിരിക്കും

9, ബസുകളില്‍ ചോര്‍ച്ചയില്ലാത്ത റൂഫുകളും ഷട്ടറുകളുമാണ് ഉള്ളതെന്ന് ഉറപ്പാക്കണം.

10, കുട ചൂടിക്കൊണ്ട് ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യരുത്.

11, വില്‍ഡ് ഷീല്‍ഡ് ഗ്ലാസില്‍ ആവിപിടിക്കുന്ന അവസരത്തില്‍ എ.സിയുള്ള വാഹനമാണെങ്കില്‍ എ.സിയുടെ വിന്‍ഡോ ഗ്ലാസിന്റെ ഭാഗത്തേക്ക് തിരിച്ചുവയ്ക്കുക.

12, മഴക്കാലത്ത് വെറുതെ ഹസാര്‍ഡ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ച് വാഹനമോടിക്കരുത്. മറ്റ് ഡ്രൈവര്‍മാര്‍ക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കും.

13, റോഡരികില്‍ നിര്‍ത്തി കാറുകളില്‍നിന്ന് കുട നിവര്‍ത്തി പുറത്തിറങ്ങുമ്പോള്‍ വളരെയേറെ ജാഗ്രത വേണം. പ്രത്യേകിച്ച് വലതുവശത്തേക്ക് ഇറങ്ങുന്നവര്‍ക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button