ന്യൂഡൽഹി: മോദി സര്‍ക്കാര്‍ 2016ല്‍ നടപ്പാക്കിയ വിനാശകരമായ നോട്ടുനിരോധനം ദയനീയ പരാജയമായി മാറിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ‘2000 രൂപയുടെ നോട്ട് പ്രചാരത്തില്‍ നിന്ന് ആര്‍ബിഐ പിന്‍വലിച്ചത് അതിന് തെളിവാണ്. കള്ളപ്പണം, അഴിമതി, ഭീകരപ്രവര്‍ത്തനത്തിനുള്ള ഫണ്ട് എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരമായും ഡിജിറ്റല്‍ സമ്പദ്ഘടന പ്രോത്സാഹിപ്പിക്കാനുമാണ് നോട്ട് നിരോധിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് അവകാശപ്പെട്ടു. ഈ ലക്ഷ്യങ്ങളില്‍ ഒന്നുപോലും നേടാനായില്ല.
അന്നത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇപ്പോഴത്തെ ഈ നീക്കം 2000 രൂപ കറന്‍സി നോട്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ ശേഖരണം ഇല്ലാതാക്കുന്നതിനു പകരം അത് വെളുപ്പിച്ചെടുക്കാനുള്ള കൂടുതല്‍ സാധ്യതകളാണ് തുറന്നുവെക്കുന്നത്.അതേസമയം, നോട്ടുനിരോധനത്തില്‍ കോടിക്കണക്കിനുപേരുടെ ജീവിതമാര്‍ഗം തകര്‍ന്നു. നൂറുകണക്കിനുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഏറ്റവും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുകയും ആഭ്യന്തര വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുന്ന അനൗപചാരിക സമ്പദ്ഘടനയെയും ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങളെയും ഇത് തകര്‍ത്തു.
നോട്ടുനിരോധന ദുരന്തത്തിനുശേഷം പ്രചാരത്തിലുള്ള കറന്‍സിയില്‍ 83 ശതമാനം വര്‍ധന ഉണ്ടായി.അപലപനീയമായ ഭീകരാക്രമണങ്ങള്‍ തുടരുകയും നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുമാണ്. സമ്പദ്ഘടന തകര്‍ക്കുന്നതും ദേശീയ ആസ്തികള്‍ കൊള്ളയടിക്കുന്നതും ചെറുത്തുതോല്‍പ്പിക്കണം. കോര്‍പറേറ്റ് വര്‍ഗീയ കൂട്ടുകെട്ടിനെ തള്ളിക്കളയണം.’ ഇത്തരം ഏകാധിപത്യപരമായ ജനവിരുദ്ധ നടപടികളില്‍ നിന്ന് സമ്പദ്ഘടനയെ രക്ഷിക്കാന്‍ ജനങ്ങള്‍ ഒന്നിക്കണമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Post Your Comments