
തൃശ്ശൂർ: തൃപ്രയാറിൽ അടച്ചിട്ട കടകള്‍ കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസില്‍ പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍. വാടാനപ്പിള്ളി സ്വദേശി ബഷീര്‍ ബാബുവാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
തൃപ്രയാർ പോളി ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന ഫൺ സൂപ്പർ മാർക്കറ്റ്, സമീപത്ത് പ്രവർത്തിക്കുന്ന നാട്ടിക സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റിവ് സൊസൈറ്റിക്ക് കീഴിലുള്ള കൊതി ഹോട്ട് ചിപ്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. എണ്ണായിരത്തോളം രൂപയും, ജ്യുസ്, മിഠായികൾ എന്നിവയും ആണ് ഇവിടെ നിന്നും മോഷണം പോയത്. ഇന്ന് രാവിലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
മോഷണത്തിന്റെ ദൃശ്യം സ്ഥാപനത്തിനകത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ബർമുഡ മാത്രം ധരിച്ച മോഷ്ടാവ് മുഖം തുണികൊണ്ട് മറച്ചിരുന്നു. ഏതാനും ദിവസം മുൻപ് തൃപ്രയാർ പാലത്തിന്റെ കിഴക്കേ വളവിലെ പൊട്ടുവെള്ളരി കടയിലും നടന്ന മോഷണത്തിന് പിന്നിലും ഇതേ മോഷ്ടാവാണെന്ന് പൊലീസ് കണ്ടെത്തി.
Post Your Comments