KeralaLatest NewsNews

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 20 ന് അല്ല, പുതിയ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 19-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മെയ് 20 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 4,19,554 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 25-ന് പ്രഖ്യാപിക്കും.

മെയ്‌ 23ന് 96 പുതിയ സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചാണ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. 142 കോടി രൂപ ചിലവിലാണ് കെട്ടിടങ്ങൾ നിർമിക്കുന്നത്. ഈ ചടങ്ങിൽ വച്ച് 30 ലക്ഷം രൂപ ചിലവിൽ നിർമിച്ച മൂന്ന് ടിങ്കറിംഗ് ലാബുകൾ കൂടി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

11 പുതിയ സ്‌കൂൾ കെട്ടിടങ്ങൾക്ക് കൂടി തറക്കല്ലിടും. പുതിയ കെട്ടിടങ്ങൾക്കായി ചെലവാകുന്ന തുക 32 കോടി 50 ലക്ഷം രൂപയാണ്. 176 കോടിയുടെ പദ്ധതികൾ ആണ് മെയ്‌ 23 ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഇതുവരെ കിഫ്‌ബി ഫണ്ടിൽ മാത്രം അഞ്ചു കോടി രൂപ നിരക്കിൽ 126 സ്‌കൂൾ കെട്ടിടങ്ങളും മൂന്നു കോടി രൂപ നിരക്കിൽ 153 സ്‌കൂൾ കെട്ടിടങ്ങളും ഒരു കോടി രൂപ നിരക്കിൽ 98 സ്‌കൂൾ കെട്ടിടങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമേയാണ് 96 സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതും 11 സ്‌കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button