![](/wp-content/uploads/2023/05/untitled-20-3.jpg)
തിരുവനന്തപുരം: വീടിനുള്ളിലെ ശുചിമുറിയിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പുത്തൻതോപ്പ് റോജ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജുവാണ് (23) മരിച്ചത്. ഇവരുടെ മകൻ 9 മാസം പ്രായമുള്ള ഡേവിഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടിരുന്നു. കഠിനംകുളം പുത്തൻതോപ്പിൽ ആണ് സംഭവം.
യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. പൊള്ളലേറ്റു കിടന്ന അഞ്ജുവിനെ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് ശ്രമിച്ചില്ലെന്നും കുട്ടിയെ മാത്രമേ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് ശ്രമിച്ചുള്ളൂ എന്നാണ് പ്രധാന ആരോപണം. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഭർത്താവ് രാജു പുറത്തുപോയി വരുമ്പോഴാണ് അഞ്ജുവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടിയ ശേഷം കുഞ്ഞിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ശുചിമുറിയിൽ തീ കത്തിയത് അറിഞ്ഞില്ലെന്നാണ് സമീപത്തെ വീടുകളിലുള്ളവർ പറയുന്നത്. സംഭവം നടക്കുമ്പോൾ താൻ ഫുട്‍ബോൾ മത്സരം കാണാൻ പുറത്ത് പോയിരിക്കുകയായിരുന്നു എന്നാണ് ഭർത്താവ് പറയുന്നു. ഈ സമയം ഭർത്താവ് എവിടെ ആയിരുന്നുവെന്നുള്ളത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു.
Post Your Comments