KeralaLatest NewsNews

കായിക കേരളത്തിന് കുതിപ്പേകാൻ അഞ്ച് പുതിയ കളിക്കളങ്ങൾ

തിരുവനന്തപുരം: കായിക കേരളത്തിന് കുതിപ്പേകാൻ അഞ്ച് പുതിയ കളിക്കളങ്ങൾ. കേരളത്തിന്റെ വിശേഷിച്ച്, മലപ്പുറം ജില്ലയുടെ കായികരംഗത്തെ മുന്നേറ്റത്തിന് കരുത്തുപകരാൻ കഴിയുന്ന ഉണ്ണ്യാലിലെ ഫിഷറീസ് സ്റ്റേഡിയം, താനൂർ ഫിഷറീസ് ഹൈസ്‌കൂൾ സ്റ്റേഡിയം, താനാളൂർ സ്റ്റേഡിയം, കാട്ടിലങ്ങാടി സ്റ്റേഡിയം എന്നീ നാല് പദ്ധതികൾക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു. 5 കോടിയോളം രൂപ ചിലവഴിച്ചാണ് ഉണ്ണ്യാലിലെ ഫിഷറീസ് സ്റ്റേഡിയം പൂർത്തിയാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിക്കാനെത്തി: നിയമ വിദ്യാർത്ഥിനി മുങ്ങിമരിച്ചു

കായികരംഗത്തിന്റെ മുന്നേറ്റത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവിതവും ജീവനോപാധികളും മെച്ചപ്പെടുത്തുന്നതിനും ഉള്ള നവീന സൗകര്യങ്ങൾ ഉൾപ്പെട്ടതാണ് ഈ സ്റ്റേഡിയം. മികച്ച രീതിയിലുള്ള ഒരു ഫുട്‌ബോൾ ഗ്രൗണ്ടും 2,000 പേർക്ക് ഇരുന്ന് മത്സരങ്ങൾ വീക്ഷിക്കാൻ കഴിയുന്ന ഗ്യാലറിയുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ. ഇതിനൊപ്പം തയ്യാറായിരിക്കുന്ന സ്‌പോർട്‌സ് കോംപ്ലക്‌സിൽ ഇൻഡോർ ബാഡ്മിന്റൺ സ്റ്റേഡിയം, ജിമ്മുകൾ, കരാട്ടെ പരിശീലന ഹാൾ എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങൾ കൂടി ഒരുക്കിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്റ്റേഡിയത്തിന്റെ ഗ്യാലറിയുടെ അടിവശത്തായി 24 ഷോറൂമുകൾ ഒരുക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് അവരുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനും വിപണനത്തിനുമായി ഈ ഷോറൂമുകൾ ഉപയോഗിക്കാവുന്നതാണ്. അതുവഴി കായികമേഖലയുടെ ഉന്നമനം മാത്രമല്ല ഈ പദ്ധതിയിലൂടെ സാധ്യമാകുന്നത്, മറിച്ച് മത്സ്യത്തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൂടി ഈ പദ്ധതിയിലൂടെ സാധ്യമാകുന്നു. താനൂർ ഫിഷറീസ് ഹൈസ്‌കൂൾ സ്റ്റേഡിയം ഒരുക്കുന്നതിന് മൂന്ന് കോടി രൂപയാണ് ചിലവഴിച്ചത്. ഫിഷറീസ് ഹൈസ്‌കൂളിൻറെ ഉന്നമനത്തിനായി സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ള പത്തരക്കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ സ്റ്റേഡിയം തയ്യാറാക്കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യംവച്ചാണ് ഫിഷറീസ് സ്‌കൂളുകളുടെ വികസനം നടപ്പാക്കിവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തീരദേശത്തെ 33 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 77 കോടി രൂപ മുടക്കി അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ആവിഷ്‌ക്കരിച്ചു. 26 തീരദേശ സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ്‌റൂമുകൾ സജ്ജമാക്കുകയും ചെയ്തു. ഇതുകൂടാതെ, തീരദേശമേഖലയിലെ 57 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 66 കോടി രൂപയുടെ പദ്ധതി കിഫ്ബി മുഖേന ആവിഷ്‌ക്കരിച്ചു നടപ്പാക്കി വരികയാണ്. ഇതിന്റെയെല്ലാം തുടർച്ചയായാണ് വിദ്യാർത്ഥികളുടെ കായികമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് ഹൈസ്‌കൂളിൽ സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്. കാട്ടിലങ്ങാടിയിലെ സ്റ്റേഡിയത്തിനായി കിഫ്ബി മുഖേനയാണ് പത്തരക്കോടി രൂപ ലഭ്യമാക്കിയത്. ഫുട്‌ബോൾ ഗ്രൗണ്ടും ഗ്യാലറികളും ഈ സ്റ്റേഡിയത്തിലുണ്ട്. മിനി ഒളിമ്പിക്‌സ് മാനദണ്ഡ പ്രകാരമുള്ള നീന്തൽക്കുളവും സിന്തറ്റിക് ട്രാക്കും അടക്കമുള്ള സൗകര്യങ്ങൾ വൈകാതെതന്നെ ഇവിടെ ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

താനാളൂർ പഞ്ചായത്തിലെ സ്റ്റേഡിയത്തിനായി ആകെ 80 ലക്ഷം രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. ഐക്യകേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ സഖാവ് ഇ എം എസ്സിന്റെ പേരിലുള്ള ഈ സ്റ്റേഡിയത്തിൽ ഫുട്‌ബോൾ ഗ്രൗണ്ടും മിനി ഗ്യാലറിയും വോളിബോൾ, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങൾ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 10 വർഷം കൊണ്ട് കേരളത്തെ സമ്പൂർണ കായികസാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് നമ്മുടെ ലക്ഷ്യം. അതു നേടിയെടുക്കാൻ നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം. അത്തരം പ്രവർത്തനങ്ങൾക്കു കരുത്തു പകരുന്നതാകും പുതുതായി ഒരുങ്ങുന്ന സ്റ്റേഡിയങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി, യുവതിയും കാമുകനും പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button