കൊച്ചി: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഇന്ത്യൻ നാവികസേനയും ചേർന്ന് നടത്തിയ പരിശോധനയിൽ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ മയക്കുമരുന്ന് വേട്ടയായിരുന്നു ഇന്നലെ കൊച്ചിയിൽ നടത്തിയത്. ഏകദേശം 2500 കിലോഗ്രാം മെതാംഫെറ്റാമിൻ പിടികൂടിയത് കൊച്ചിയിൽ നിന്നാണ്. 12,000 കോടിയുടെ മയക്കുമരുന്നുമായി അറസ്റ്റിലായത് പാകിസ്ഥാൻ പൗരനും.
അഫ്‌ഗാനിസ്ഥാനിൽ നിന്നുമുള്ള മയക്കുമരുന്ന് കടത്തലിനെ തടയുന്നതിനായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും ഇന്ത്യൻ നാവികസേനയുടെയും സംയുക്ത ഓപ്പറേഷൻ ആയ ‘ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ’ ഭാഗമായി നടത്തിയ തിരച്ചിലിലാണ് കോടികൾ വില വരുന്ന മയക്കുമരുന്നുമായി പാകിസ്ഥാൻ സ്വദേശി പിടിയിലായത്.
ഓപ്പറേഷൻ സമുദ്രഗുപത്:
അഫ്ഗാനിസ്ഥാനിൽ തുടങ്ങി പാകിസ്ഥാനിലെത്തിച്ച് ഇന്ത്യൻ തീരംവഴിയുളള ലഹരിമരുന്ന് കടത്ത് തടയുന്നതിനായി കേന്ദ്ര ഏജൻസികൾ തുടക്കം കുറിച്ച പദ്ധതിയാണ് ഓപ്പറേഷൻ സമുദ്രഗുപത്. കഴിഞ്ഞ വർഷമാണ് കേന്ദ്ര ഏജൻസികൾ ഓപ്പറേഷൻ സമുദ്രഗുപത് ആരംഭിച്ചത്. ഒരു വർഷത്തിനിടെ നിരവധി പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇതാദ്യമായിട്ടാണ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടക്കുന്നത്.
Also Read:സംസ്ഥാനത്ത് ഇന്നും മഴ പെയ്യും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട ലഹരിമരുന്ന് വേട്ടയാണ് പുറങ്കടലിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുളളിൽ നടന്നത്. 12000 കോടിയുടെ ലഹരിമരുന്നുമായി കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയിലൂടെ നീങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്, നാവിക സേനയുടെ സഹായത്തോടെ പരിശോധന നടത്തുകയായിരുന്നുവെന്ന് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ഡയറക്ടർ സഞ്ജയ് കുമാർ സിംഗ് വ്യക്തമാക്കി. 2500 കിലോ മെത്താംഫിറ്റമിനാണ് പിടികൂടിയത്. ലഹരിമരുന്ന് കൊണ്ടുവന്ന കപ്പലും കസ്റ്റഡിയിലെടുത്തു.
ശ്രീലങ്കയും മാലിദ്വീപുമായി കൂടി സഹകരിച്ചാണ് പുറങ്കടലിലെ പരിശോധന നടത്തിയത്. പിടികൂടിയ കപ്പലിൽ 134 ചാക്കുകളിലാക്കിയാണ് മെത്താംഫിറ്റമിൻ സൂക്‌ഷിച്ചിരുന്നത്. കപ്പലിനെ അനുഗമിച്ചിരുന്ന സ്പീഡ് ബോട്ട് അടക്കമുളളവയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പാക് പൗരനെ ചോദ്യം ചെയ്തുവരികയാണ്. കൊച്ചിയെയും കേരളത്തെയും മയക്കികിടത്താൻ തക്ക മയക്കുമരുന്നാണ് ഈ കപ്പലിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇതിനെ വളരെ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികൾ നോക്കി കാണുന്നത്.
Post Your Comments