മലപ്പുറം: യുവാക്കളെ ലക്ഷ്യമിട്ട് എം.ഡി.എം.എ വിൽപ്പന നടത്തി വന്നിരുന്ന 52 കാരി അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടൂർ സ്വദേശിനി റസിയ ബീഗം ആണ് അറസ്റ്റിലായത്. മൊറയൂരിൽ ഉള്ള ഇവരുടെ വാടക ക്വർട്ടേഴ്‌സ് കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. കൊണ്ടോട്ടി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ ക്വർട്ടേഴ്‌സ് പരിശോധിക്കുകയും, ഇവിടെ നിന്ന് 13 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയുമായിരുന്നു. ഒപ്പം ഇത് തൂക്കി വിൽക്കുന്നതിനായുള്ള ഉപകരണങ്ങളും കവറുകളും പോലീസ് ഇവിടെ നിന്നും പിടികൂടി.
കഴിഞ്ഞ ദിവസം കരിപ്പൂരിൽ ലഹരിമരുന്ന് ഉപയോഗിച്ചതിന് മൂന്ന് യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. ഇവർക്ക് എവിടെ നിന്നാണ് ലഹരിമരുന്ന് ലഭിക്കുന്നത്? ആരൊക്കെയാണ് പിന്നിലുള്ളത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് യുവാക്കൾ മൊറയൂരിനെ കുറിച്ച് വെളിപ്പെടുത്തിയത്. മൊറയൂരിൽ നിന്നാണ് തങ്ങൾക്ക് ലഹരിമരുന്ന് ലഭിക്കുന്നതെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി നിരീക്ഷണം ആരംഭിച്ചു.
റസിയയുടെ ക്വർട്ടേഴ്‌സിൽ യുവാക്കൾ സ്ഥിരം വന്നുപോകാറുണ്ടായിരുന്നു. എന്നാൽ, മധ്യവയസ്കയായ റസിയ ആണ് വിൽപ്പന നടത്തുന്നതെന്ന് പോലീസ് സംശയിച്ചിരുന്നില്ല. രണ്ട് മൂന്ന് ദിവസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് റസിയ ആണ് വിൽപ്പന നടത്തുന്നതെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് ഇവരുടെ ക്വർട്ടേഴ്‌സ് പരിശോധിക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Post Your Comments