സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളുടെ വിൽപ്പന നടത്തിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഇതിന്റെ ഭാഗമായി 5 ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്കാണ് കേന്ദ്രം നോട്ടീസ് അയച്ചിരിക്കുന്നത്. ഉപഭോക്തൃ സംരക്ഷണ നിയമം 2019- ന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സീറ്റ് ബെൽറ്റ് ധരിക്കാത്തപ്പോൾ അലാറം മുഴക്കുന്നത് തടയുന്നതിനാണ് സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകൾ ഉപയോഗിക്കുന്നത്. ഇത്തരം ഉപകരണങ്ങൾ വിൽക്കുന്നത് ഉപഭോക്താവിന്റെ ജീവനും സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് നോട്ടീസിൽ വ്യക്തമാക്കി.
ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ, ഷോപ്പ്ക്ലൂസ്, മീഷോ എന്നീ അഞ്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഇത്തരം ക്ലിപ്പുകളുടെ വിൽപ്പന നിയമവിരുദ്ധമാണെന്നും, ഇത്തരത്തിൽ വിൽപ്പന നടത്തുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയെടുക്കാനും റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം ഒരു കത്തിലൂടെ നേരത്തെ ഉപഭോക്തൃ കാര്യ വകുപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, അപകടം സംഭവിച്ചാൽ, മോട്ടോർ ഇൻഷുറൻസ് പോളിസി ക്ലെയിം തുകകൾ ആവശ്യപ്പെടുന്നതിന് ഉപഭോക്താക്കൾ കാർ സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകൾ ഉപയോഗിക്കുന്നത് തടസ്സം സൃഷ്ടിച്ചേക്കാം.
Also Read: മീൻ ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് അപകടം : 12കാരൻ മരിച്ചു, 11 പേർക്ക് പരിക്ക്
Post Your Comments