ആലുവ: നാല് വര്‍ഷമായി കഴുത്തിന് ചുറ്റും വേദനയും ശ്വസിക്കാന്‍ പ്രയാസവും നിരന്തരമായ ചുമയും മൂലം ദുരിതം അനുഭവിച്ച ഒമാന്‍ സ്വദേശി ചികിത്സയ്ക്കായി കേരളത്തില്‍ എത്തി.
ഒമാനിലെ മുസാന സ്വദേശിയായ സലീം നാസറിന്
കഴിഞ്ഞ നാല് വര്‍ഷമായി വിട്ടുമാറാത്ത ചുമയും, ശ്വാസകോശ പ്രശ്‌നങ്ങളും അലട്ടിയിരുന്നു. കഴുത്ത് അനക്കുമ്പോള്‍ വേദനയും, ശ്വാസമെടുക്കുമ്പോഴുളള ബുദ്ധിമുട്ടും മൂലം ഒമാനിലും, പുറത്തുമായി വിവിധ ആശുപത്രികളില്‍ 71 -കാരനായ സലീം പരിശോധന നടത്തിയെങ്കിലും കാര്യമായ കുറവുണ്ടായില്ല.
ശ്വാസകോശ അണുബാധയ്ക്കുളള മരുന്ന് കഴിച്ച് താത്കാലിക ആശ്വാസം നേടിയിരുന്ന സലീം മെയ് നാലിനാണ് രാജഗിരി ആശുപത്രിയില്‍ എത്തുന്നത്. രാജഗിരിയില്‍ എത്തുമ്പോള്‍ ബന്ധുക്കള്‍ക്കും, റഫര്‍ ചെയ്ത ഡോക്ടര്‍മാര്‍ക്കും രോഗാവസ്ഥയെ കുറിച്ച് ആശങ്കയും, അവ്യക്തതയും ആയിരുന്നു. ശ്വാസകോശ രോഗവിഭാഗത്തിലെ ഡോ. മെല്‍സി ക്ലീറ്റസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ എക്‌സ്‌റേ , സിടി സ്‌കാന്‍ പരിശോധനയുടെ ഫലങ്ങളാണ് വഴിത്തിരിവായത്.
വലത് ശ്വാസകോശത്തിലെ പ്രധാന ശ്വാസനാളികളിലൊന്നില്‍ എല്ലിന് സമാനമായ വസ്തു തടഞ്ഞിരിക്കുന്നതായി സിടി സ്‌കാനില്‍ വ്യക്തമായി. അബദ്ധത്തില്‍ പല്ല് വിഴുങ്ങി പോയതാകാം എന്ന നിഗമനത്തിലായിരുന്നു ആദ്യം ഡോക്ടര്‍മാര്‍. ശ്വാസകോശ വിഭാഗം മേധാവി ഡോ. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെ എല്ലിന്റെ കഷണങ്ങള്‍ നീക്കം ചെയ്യുകയും, ശ്വസന പ്രക്രിയ പുനസ്ഥാപിക്കുകയും ചെയ്തു.
രോഗിയുടെ പ്രായം കണക്കിലെടുത്ത് ലോക്കല്‍ അനസ്‌തേഷ്യ നല്‍കി അതീവ സൂക്ഷ്മതയോടെയായിരുന്നു ഡോക്ടര്‍മാര്‍ ബ്രോങ്കോ സ്‌കോപ്പി പൂര്‍ത്തിയാക്കിയത്. ശ്വാസകോശ വിഭാഗം ഡോക്ടമാരായ ഡോ. ദിവ്യ ആര്‍, ഡോ.ജ്യോത്സന അഗസ്റ്റിന്‍ എന്നിവരും ചികിത്സയില്‍ പങ്കാളികളായി.
Post Your Comments