നഗ്‌നത കാണാവുന്ന കണ്ണട വില്‍പ്പനയ്ക്ക് എന്ന പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്

തട്ടിപ്പില്‍ ഉള്‍പ്പെട്ടത് യുവാക്കള്‍ മുതല്‍ വൃദ്ധര്‍ വരെ

ചെന്നൈ: നഗ്നത കാണാവുന്ന കണ്ണട വില്‍പ്പനയ്ക്ക് എന്ന പേരില്‍ തട്ടിപ്പ് നടത്തിയ മലയാളികള്‍ ഉള്‍പ്പെട്ട സംഘം തമിഴ്നാട്ടില്‍ പിടിയിലായി. നാല് യുവാക്കള്‍ ചേര്‍ന്ന് ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയത്. വൈക്കം സ്വദേശി ജിത്തു, തൃശൂര്‍ സ്വദേശിയായ ഗുബൈബ്, മലപ്പുറം സ്വദേശി ഇര്‍ഷാദ്, ബംഗളൂരു സ്വദേശി സൂര്യ എന്നിവരാണ് പിടിയിലായത്. ഇവരെ കോയമ്പേടുള്ള ലോഡ്ജില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Read Also: താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു കണ്ടത് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട്, വീട്ടില്‍ കയറാതെ വധു

തന്റെ കൈയിലുള്ള പണം തട്ടിയെടുത്തെന്ന് കാട്ടി ചെന്നൈ സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ് നടന്നത്. കോയമ്പേട് പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തന്റെ കയ്യില്‍ നിന്ന് ആറ് ലക്ഷം രൂപ നാലംഗ സംഘം തോക്ക് ചൂണ്ടി തകവര്‍ന്നുവെന്നായിരുന്നു ചെന്നൈ സ്വദേശിയുടെ പരാതി. തുടര്‍ന്ന് ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഈ നാലംഗ സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊലീസ് എത്തുകയായിരുന്നു. അവിടെയുള്ള ലോഡ്ജിലെത്തി പൊലീസ് പരിശോധന നടത്തിയതോടെ പ്രതികള്‍ പിടിയിലാകുകയും ചെയ്തു. കൂടുതല്‍ പരിശോധനയില്‍ ഇവരില്‍ നിന്ന് കൈത്തോക്ക്, വിലങ്ങുകള്‍, നാണയങ്ങള്‍, കണ്ണട തുടങ്ങി നിരവധി സാധനങ്ങള്‍ കൂടി പിടിച്ചെടുത്തു.

തുടര്‍ന്ന് പൊലീസ് ഇവരെ ചോദ്യം ചെയ്തു. അപ്പോഴാണ് അസാധാരണമായ ആ തട്ടിപ്പിന്റെ കഥ പുറത്തു വരുന്നത്. നഗ്നത കാണാനാകുന്ന എക്സ്‌റേ കണ്ണടകള്‍ വില്‍പ്പനയ്ക്കുണ്ടെന്ന പേരിലാണ് യുവാക്കള്‍ തട്ടിപ്പു നടത്തുന്നത്. കണ്ണടകള്‍ വില്‍പ്പനയ്ക്കുണ്ടെന്ന് പറഞ്ഞ് യുവാക്കള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഈ കണ്ണടയ്ക്ക് ഒരു കോടി രൂപ വിലയുണ്ടെന്നും അഞ്ചോ പത്തോ ലക്ഷം രൂപ നല്‍കി കണ്ണട ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്താല്‍ ഇളവുണ്ടാകുമെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു പരസ്യം. നിരവധി പേരാണ് ഈ പരസ്യത്തില്‍ വീണത്. കണ്ണട അന്വേഷിച്ച് പലരും വിളിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ വിളിക്കുന്നവരെ ഇവര്‍ താമസിക്കുന്ന ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയാണ് ചെയ്യുക. അഡ്വാന്‍സ് തുകയുമായിട്ടായിരിക്കും ഇവര്‍ എത്തുക. ഇങ്ങനെ എത്തുന്നവര്‍ക്ക് വച്ചുനോക്കാനായി ഒരു കണ്ണട നല്‍കും. സാധാ കണ്ണടയാണ് നല്‍കുന്നത്. വച്ചുനോക്കിയശേഷം ഒന്നും കാണാന്‍ സാധിക്കുന്നില്ലെന്ന് പറയും. അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്ന പറഞ്ഞ് ഈ കണ്ണട തിരികെ വാങ്ങും. നന്നാക്കുന്ന ഭാവത്തില്‍ കണ്ണട സംഘം തറിയിലിട്ട് പൊട്ടിക്കും. തുടര്‍ന്നാണ് യഥാര്‍ത്ഥ കളി അരങ്ങേറുന്നത്.

അപൂര്‍വ്വ കണ്ണട പൊട്ടിപ്പോയെന്നും കണ്ണടയുടെ വിലയായ ഒരു കോടി രൂപ നിങ്ങള്‍ ല്‍കണമെന്നും വരുന്നവരോട് ഇവര്‍ ആവശ്യപ്പെടും. അവര്‍ പണം നല്‍കാന്‍ വിസമ്മതിക്കുന്നതോടെ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. തര്‍ക്കം നടക്കുന്നതിനിടയില്‍ ലോഡ്ജിലെ ജനലിലൂടെ പുറത്ത് തോക്കുമായി നില്‍ക്കുന്ന പൊലീസുകാരെ കാണിച്ചു കൊടുക്കും. ഈ സംഘത്തില്‍പ്പെട്ടവര്‍ തന്നെയാണ് പൊലീസ് വേഷം ധരിച്ച് തോക്കുമായി നില്‍ക്കുന്നതും. ഇതോടെ കണ്ണട വാങ്ങാന്‍ വന്നവര്‍ വിരളും. അതിഥികള്‍ വിരണ്ടു എന്ന് മനസ്സിലാകുമ്പോള്‍ പണം നല്‍കി നഗ്നത കാണാന്‍ തയ്യാറായി വന്നവര്‍ എന്ന രീതിയില്‍ സംഘം എത്തിയവരെ പരിഹസിക്കും. ഇതോടെ നാണം കെട്ട് വന്നവര്‍ പണം നല്‍കി മടങ്ങുകയാണ് പതിവ്. ഇത്തരത്തില്‍ മടങ്ങുന്നവര്‍ പൊലീസില്‍ പരാതിപ്പെടില്ലെന്നും സംഘം കരുതിയിരുന്നു. എന്നാല്‍ ചെന്നൈ സ്വദേശി രണ്ടും കല്‍പ്പിച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 

Share
Leave a Comment