താനൂർ: താനൂർ അപകടത്തിൽ ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. താനൂർ സ്വദേശി നാസറിനെതിരെയാണ് പൊലീസ് കേസെടുത്തത്.
ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിൽ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസൻസ് നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
അപകട മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്രയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്റെ തോത് വർധിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം.
ബോട്ടപകടത്തിൽ 22 പേർ മരിച്ചെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആറ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്. ബോട്ടിന് അടിയിൽ നിന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം ലഭിച്ചത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്.
Post Your Comments