ബെംഗളൂരു: വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍ മാത്രം ശേഷിക്കേ കര്‍ണാടകത്തില്‍ പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക്. ഭരണം നിലനിര്‍ത്താനാണ് ബിജെപിയുടെ ശ്രമം. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത് എത്തി. ബെംഗളൂരു നഗരം പിടിച്ചടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വമ്പന്‍ റോഡ് ഷോ നടത്തി. കോണ്‍ഗ്രസിന്റെ ബജ്‌രംഗദള്‍ നിരോധനമെന്ന വാഗ്ദാനം വലിയ വിവാദമായ അവസാനലാപ്പില്‍, ഹനുമാന്റെ ചിത്രമുള്ള കൊടികളുമേന്തി നിരവധി പേരാണ് റോഡ് ഷോയ്ക്ക് എത്തിയത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത സോണിയ ഗാന്ധി, ബിജെപി തോറ്റാല്‍ മോദിയുടെ ആശിര്‍വാദം കിട്ടില്ലെന്ന അമിത് ഷായുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു.
Read Also:നീറ്റ് 2023: വിദ്യാർത്ഥികൾക്കായി ഷെഡ്യൂൾ അടിസ്ഥാനത്തിൽ സർവീസ് നടത്താൻ ഒരുങ്ങി കെഎസ്ആർടിസി
40 ടണ്‍ പൂക്കള്‍ വിരിച്ച പാതയില്‍, ജയ് ബജ്‌രംഗബലി എന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്ന ലൗഡ് സ്പീക്കറുകളുമായി 26 കിലോമീറ്റര്‍ ദൂരത്തിലാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. ബജ്‌രംഗദള്‍ നിരോധനം ചൂട് പിടിച്ച പ്രചാരണ വിഷയമായ കര്‍ണാടകയില്‍ തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകരെയും ബിജെപി പ്രവര്‍ത്തകരെയും അണിനിരത്തിയായിരുന്നു മോദിയുടെ ബെംഗളുരു റോഡ് ഷോ. മോദിക്കൊപ്പം വാഹനത്തില്‍ ബെംഗളുരു സൗത്ത് എംപി തേജസ്വി സൂര്യയും ബെംഗളുരു സെന്‍ട്രല്‍ എംപി പി സി മോഹനും കാണികളെ അഭിവാദ്യം ചെയ്തു.
അതേസമയം, കര്‍ണാടകയില്‍ അവസാനലാപ്പില്‍ സജീവപ്രചാരണം നടത്തുകയാണ് രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും. ഉത്തര കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ വന്‍ പൊതുസമ്മേളനത്തില്‍ എത്തിയ സോണിയാ ഗാന്ധി അമിത് ഷായ്ക്കും നരേന്ദ്രമോദിക്കുമെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ത്തിയത്. കര്‍ണാടകയില്‍ ബിജെപി തോറ്റാല്‍ സംസ്ഥാനത്തിന് മോദിയുടെ ആശീര്‍വാദമുണ്ടാകില്ലെന്ന് പറഞ്ഞ അമിത് ഷാ എന്താണ് ഈ നാട്ടിലെ ജനങ്ങളെക്കുറിച്ച് കരുതിയിരിക്കുന്നതെന്ന് സോണിയ ചോദിച്ചു.
Post Your Comments