തിരുവനന്തപുരം: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊച്ചിയിൽ നടന്ന നോർക്ക – യു കെ കരിയർ ഫെയറിന്റെ രണ്ടാംഘട്ടത്തിന് വിജയകരമായ സമാപനം. യു കെ ആരോഗ്യ മേഖലയിലെ നാഷണൽ ഹെൽത്ത് സർവ്വീസിന് കീഴിലുളള വിവിധ സ്ഥാപനങ്ങളിലേയ്ക്കായിരുന്നു റിക്രൂട്ട്‌മെന്റ്. നഴ്‌സുമാർ, സൈക്രാട്രി, അനസ്‌തെറ്റിക്സ്റ്റ്, ജനറൽ മെഡിസിൻ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടർമാർ എന്നീ തസ്തികകളിലേയ്ക്കായിരുന്നു ഒഴിവുകൾ.
Read Also: താഴെത്തട്ടിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഉറപ്പാക്കും: വീണാ ജോർജ്
അപേക്ഷ നൽകിയവരിൽ നിന്നും യോഗ്യതയും പരിചയവും പരിശോധിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരെയാണ് അഭിമുഖത്തിനായി ക്ഷണിച്ചത്. മെയ് 5, 6 ദിവസങ്ങളിൽ സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ടായിരുന്നു. ഇവരിൽ നിന്നുള്ള 171 നഴ്‌സുമാർക്ക് ഓഫർ ലെറ്റർ ലഭിച്ചു. അഭിമുഖങ്ങളിൽ 58 സ്‌പെഷ്യാലിറ്റി ഡോക്ടർമാർ പങ്കെടുത്തു. യു കെ മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
യു കെയിൽ നിന്നും തൊഴിൽ ദാതാക്കൾ നേരിട്ട് പങ്കെടുത്ത വിപുലമായ റിക്രൂട്ട്മെന്റ് ഫെയറിനാണ് ഇത്തവണയും കൊച്ചി സാക്ഷിയായത്. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, സിഇഒ, കെ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജർ ശ്യം ടി കെ തുടങ്ങിയവർ ഫെയറിന് നേതൃത്വം നൽകി.
യു കെയിലെ ആരോഗ്യ സാമൂഹിക ക്ഷേമ മന്ത്രാലയത്തിലെ, അന്താരാഷ്ട്ര വർക്ക്ഫോഴ്സ് മേധാവി ഡേവ് ഹെവാർത്ത്, നാവിഗോ ഡെപ്യൂട്ടി ചീഫ് മൈക്ക് റീവ്, ഹമ്പർ ആന്റ് നോർത്ത് യോക്ക്ഷെയർ ഐസിബി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ നിഗേൽ വെൽസ്, വെൽഷ് ഗവൺമെന്റിൽ വർക്ക് ഫോഴ്‌സ് സ്ട്രാറ്റജി മേധാവി ഇയാൻ ഓവൻ എന്നിവരായിരുന്നു യു കെ സംഘത്തിന് നേതൃത്വം നൽകിയത്. 30 പേരടങ്ങിയ സംഘമാണ് അഭിമുഖങ്ങൾക്കായി കൊച്ചിയിൽ എത്തിയത്.
Read Also: കേരളത്തിന്റെ മൂല്യവർധിത കാർഷികോത്പന്നങ്ങൾ ലോകവിപണിയിലെത്തിക്കും: മുഖ്യമന്ത്രി
Post Your Comments