ന്യൂഡൽഹി: ശശി തരൂര്‍ എം.പിക്ക് പാരയായി അദ്ദേഹത്തിന്റെ തന്നെ പഴ ട്വീറ്റ്. ദി കേരള സ്റ്റോറിയുടെ വിവാദ ട്രെയിലറിനെ എതിർത്ത ശശി തരൂരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ തന്നെ ഒരു പഴയ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 2021 ലെ ട്വീറ്റ് വൈറലായതോടെ അദ്ദേഹം വീണ്ടും പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യന്‍ ഏജന്‍സികളുടെയും പാശ്ചാത്യ ഏജന്‍സികളുടെയും കണക്ക് പ്രകാരം ഐസി.സിലുള്ള ഇന്ത്യക്കാരുടെ എണ്ണം മൂന്നക്കം പോലും എത്തുന്നില്ലെന്ന യാഥാർഥ്യം വളച്ചൊടിക്കുന്നതിനാലാണ് സിനിമയുടെ ഉള്ളടക്കത്തെ താൻ ചോദ്യം ചെയ്യുന്നതെന്ന് ശശി തരൂർ വ്യക്തമാക്കി.
ഭര്‍ത്താക്കന്‍മാരുടെ പ്രേരണയാല്‍ അഫ്ഗാനിസ്ഥാനിലെത്തി അവിടെ കുടുങ്ങിപ്പോയ മൂന്ന് പെണ്‍കുട്ടികളുടെ അമ്മമാർ തന്നെ സമീപിച്ചുവെന്നും ഈ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജുമായി കൂടികാഴ്ച നടത്തുമെന്നുമായിരുന്നു ശശി തരൂരിന്റെ പഴയ ട്വീറ്റ്. ഇതാണ് സിനിമയെ അനുകൂലിക്കുന്നവർ ഇപ്പോൾ കുത്തിപ്പൊക്കിയത്. തന്റെ പഴയ ട്വീറ്റ് വൈറലായതോടെ ശശി തരൂർ വിശദീകരണവും നൽകുന്നുണ്ട്.
‘കേരള സ്റ്റോറി സിനിമയെ സംബന്ധിച്ചുള്ള എന്റെ നിലപാടിനെ ദുര്‍ബലപ്പെടുത്തുമെന്ന് കരുതിയാണ് ഒരുപാട് പേര്‍ 2021 ലെ ട്വീറ്റ് എന്റെ ട്വീറ്റ് പ്രചരിപ്പിക്കുന്നത്. മൗലികവാദത്തിലെത്തിയ പെണ്‍മക്കളെക്കുറിച്ചുള്ള ആധിയുമായി മൂന്ന് അമ്മമാര്‍ എന്നെ സമീപിച്ചിരുന്നു. നാലാമത് ഒരു കേസിനെക്കുറിച്ച് അറിയാമായിരുന്നു. അവരുടെ മക്കളെക്കുറിച്ചുള്ള ആശങ്കകളും ഞാൻ പുറത്തുപറഞ്ഞു. എന്നാല്‍ ഈ നാല് കേസുകള്‍ സിനിമാപ്രവര്‍ത്തകരുടെ 32,000 കേസുകള്‍ എന്ന അവകാശ വാദത്തില്‍ നിന്ന് ബഹുദൂരം അകലെയാണ്. ഇന്ത്യന്‍ ഏജന്‍സികളുടെയും പാശ്ചാത്യ ഏജന്‍സികളുടെയും കണക്ക് പ്രകാരം ഐസിസിലുള്ള ഇന്ത്യക്കാരുടെ എണ്ണം മൂന്നക്കം പോലും എത്തുന്നില്ല. യാഥാര്‍ഥ്യം വളച്ചൊടിക്കുന്നതിനാലാണ് എതിര്‍ക്കപ്പെടുന്നത്’, തരൂര്‍ ട്വീറ്റ് ചെയ്തു.
Post Your Comments