തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തനിക്കെതിരായി നടത്തിയ പരാമര്‍ശങ്ങളില്‍ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഐപിസി 120 ബി, 500 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. കോടതി പരാതി ഫയലിൽ സ്വീകരിച്ചു. തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ആരോപിച്ചാണ് അദ്ദേഹം പരാതി നൽകിയത്.
തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള മുഖേന എം.വി ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്ന ഉന്നയിച്ചിരുന്ന ആരോപണം. ഈ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദന്‍ സ്വപ്നയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സ്വപ്ന ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നായിരിന്നു നോട്ടീസിലെ ആവശ്യം. മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.
സ്വപ്ന ആനയിച്ച ആരോപണം തെറ്റാണെന്നും, ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് ഗോവിന്ദൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇത് വ്യക്തി ജീവിതത്തെ കരിനിഴലില്‍ ആക്കിയെന്നും, സ്വപ്നക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് എം.വി. ഗോവിന്ദന്റെ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വപ്നയുടെ പരാമര്‍ശം വസ്‌തുത വിരുദ്ധവും തെറ്റുമാണ്, തനിക്കോ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും അഡ്വ. നിക്കോളാസ് ജോസഫ് മുഖേനെ അയച്ച വക്കീല്‍ നോട്ടീസില്‍ ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
Post Your Comments