തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ സ്വയം ഭരണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ (സിഎംഎൽആർആർപി) ഉൾപ്പെടുത്തി പൂർത്തിയാക്കിയ 800 റോഡുകൾ ഞായറാഴ്ച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു. രാവിലെ 11 മണിക്ക് തൃത്താല തിരുമ്മിറ്റക്കോട് പഞ്ചായത്തിലെ ഇട്ടോണം സെന്ററിലാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്. അതേ സമയത്ത് തന്നെ മറ്റ് പൂർത്തിയായ റോഡുകളിലും ഉദ്ഘാടനം നടന്നു. 1840 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ഈ 800 റോഡുകൾ 150 കോടി രൂപ ചെലവിലാണ് ഒരുക്കിയത്. സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയിൽ ഉൾപ്പെട്ടതാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
2018, 19 പ്രളയത്തിൽ തകർന്നതും റീബിൽഡ് കേരളാ ഇനിഷ്യേറ്റീവിൽ ഉൾപ്പെടാത്തതുമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 140 നിയോജകമണ്ഡലങ്ങളിലെ 5062 റോഡുകളിലായി 12000 കിലോമീറ്റർ റോഡ് നിർമ്മാണത്തിന് 1000 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതുവരെ ആകെ 10680 കിലോമീറ്റർ നീളത്തിൽ 4659 റോഡുകൾ പൂർത്തിയാക്കി. 696.6 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനമാണ് ഇതിനകം പൂർത്തിയായത്.
ഇതിൽ ഒടുവിൽ പൂർത്തിയായ 800 റോഡുകളുടെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. തിരുവനന്തപുരം 22, കൊല്ലം 19, പത്തനംതിട്ട 49, ആലപ്പുഴ 60, കോട്ടയം 94, ഇടുക്കി 34, എറണാകുളം 61, തൃശൂർ 50, പാലക്കാട് 43, മലപ്പുറം 140, വയനാട് 16, കോഴിക്കോട് 140, കണ്ണൂർ 54, കാസർഗോഡ് 18 റോഡുകൾ എന്നിങ്ങനെയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
Read Also: മെഡിസെപ്പ് മൊബൈൽ ആപ്പ്: ഉദ്ഘാടനം തിങ്കളാഴ്ച്ച മുഖ്യമന്ത്രി നിർവ്വഹിക്കും
Post Your Comments