സംസ്ഥാനത്ത് റേഷന്‍വിതരണം മുടങ്ങിയത് സംബന്ധിച്ചുള്ള പഴി കേന്ദ്ര സര്‍ക്കാരിന്റെ ചുമലില്‍ ചാരാൻ സംസ്ഥാന സര്‍ക്കാര്‍ ശ്രമിയ്‌ക്കേണ്ടെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍. എന്‍ഐസി സര്‍വറുകളിലെ സാങ്കേതിക തകരാര്‍ കാരണമാണ് റേഷന്‍ വിതരണം മുടങ്ങിയതെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇത് തെറ്റായ വാദമാണെന്നും കേരള സംസ്ഥാന ഡേറ്റ സെന്ററിലും സര്‍വറിലുമാണ് തകരാറെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച്ച കേന്ദ്രത്തിന് തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയക്കാണ് ഡാറ്റ മൈഗ്രേഷനായി പിഡിഎസ് സംവിധാനം ഷട്ട് ഡൗണ്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇതാണ് റേഷന്‍ വിതരണം മുടങ്ങാന്‍ കാരണം. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് യാഥാര്‍ഥ്യം മറച്ചുവെച്ചുവെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.
അതേസമയം, സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് റേഷന്‍ വിതരണം പുനരാരംഭിച്ചു. സെര്‍വര്‍ പ്രശ്നം പരിഹരിക്കാന്‍ സാധിച്ചതോടെ ഇന്ന് മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ റേഷന്‍ വിതരണം ചെയ്യാനാണ് നിര്‍ദേശം. ഇ പോസ് മെഷീന്‍ വഴിയുള്ള റേഷന്‍ വിതരണം കൃത്യമായി നിരീക്ഷിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അടിയന്തരമായി ഇടപെടും. ഇതിനായി പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു.
ഏപ്രില്‍ മാസത്തെ റേഷന്‍, മെയ് അഞ്ച് വരെ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനുശേഷമാകും മെയ് മാസത്തെ വിതരണം ആരംഭിക്കുക. ഇതുവരെ അന്‍പത് ശതമാനത്തില്‍ താഴെ കാര്‍ഡ് ഉടമകള്‍ മാത്രമാണ് ഏപ്രില്‍ മാസത്തെ റേഷന്‍ കൈപ്പറ്റിയത്.
Post Your Comments